എംജെ ശ്രീജിത്ത്
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന് പുല്ലുവില കൽപ്പിച്ച് കേരള പോലീസ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന നിയമ ലംഘനങ്ങൾക്കെതിരെയുള്ള പരാതികൾ അന്വേഷിക്കാൻ വനിതാ കമ്മീഷൻ കേരള പോലീസിന് നിർദ്ദേശം നൽകാറുണ്ടെങ്കിലും പല പരാതികളും അന്വേഷിക്കാതേയും പൂഴ്ത്തിവച്ചും പോലീസ് വകുപ്പ് വനിതാ കമ്മീഷനെ നോക്കുകുത്തിയാക്കി മാറ്റുന്നു.
ഇതുകാരണം പരാതികളിൽ തീർപ്പു കൽപ്പിക്കാനാകാതെ വനിതാ കമ്മീഷൻ ബുദ്ധിമുട്ടുകയാണ്. പോലീസുകാർക്കെതിരെയാണ് പരാതിയെങ്കിൽ അന്വേഷണവുമില്ല തെളിവെടുപ്പുമില്ല.
വനിതാ കമ്മീഷനിൽ പോലീസുകാർക്കെതിരെ പരാതി എത്തിയാൽ അതു മുക്കാനും ഭീഷണിപ്പെടുത്തി പിൻവലിപ്പിക്കാനും പോലീസുകാരുൾപ്പെടുന്ന ഒരു സംഘം വനിതാ കമ്മീഷനിൽ പ്രവർത്തിക്കുകയാണ്.
ഇതുകാരണം പരാതികൾ പലതും വെളിച്ചം കാണുകയോ പരിഹരിക്കപ്പെടുകയോ ചെയ്യുന്നില്ല. പോലീസിന്റെ നിസഹകരണം കാരണം വനിതാ കമ്മീഷൻ നടത്തുന്ന പല അദാലത്തുകളും വഴിപാടുകളായി മാറുകയാണ്.
വാഹന അപകട കേസിൽ നഷ്ടപരിഹാരത്തിനായി കേസ് കൊടുത്ത യുവതിയെ മൊഴി എടുക്കാനെന്ന പേരിൽ സ്റ്റേഷനിൽ വിളിച്ചു വരുത്തി അപമാനിക്കുകയും നിരന്തരം വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത തിരുവനന്തപുരം റൂറൽ ജില്ലാ ഡിവിഷനിൽപ്പെട്ട ആര്യനാട് എസ്ഐയ്ക്കെതിരെയുള്ള പരാതി അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നെടുമങ്ങാട് ഡിവൈസ്പിയോട് കമ്മീഷൻ അംഗം ഷാഹിദാ കമാൽ ആവശ്യപ്പെട്ടത് കഴിഞ്ഞ വർഷം ഡിസംബർ 3ന്. ഈ പരാതിയിൽ ഇതുവരെ അന്വേഷണം നടത്തുകയോ റിപ്പോർട്ട് നൽകാനോ പോലീസ് തയ്യാറായിട്ടില്ല.
ഇക്കാര്യം അന്വേഷിച്ച് പലതവണ വനിതാ കമ്മീഷനിൽ നിന്ന് നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിനെ ബന്ധപ്പെട്ടങ്കിലും കൃത്യമായ മറുപടി നൽകാതെ പോലീസ് ഒളിച്ചു കളിക്കുകയാണ്. പോലീസുമായി ബന്ധപ്പെട്ട് എന്തു പരാതി വന്നാലും അത് കമ്മീഷനിലെ തന്നെ പോലീസുകാർ മുക്കുന്നുവെന്ന പരാതി വ്യാപകമാണ്.
ഇക്കാര്യം പലരും കമ്മീഷൻ അംഗങ്ങളോട് തന്നെ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടാകുന്നില്ല. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ നടപടി എടുക്കേണ്ട വനിതാ കമ്മീഷനെ സഹായിക്കേണ്ട
പോലീസ് തന്നെ അതിനു തുരങ്കംവയ്ക്കാൻ ശ്രമിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്.
വനിതാ കമ്മീഷനിലെ പോലീസ് ഉദ്യോഗസ്ഥർ പരാതിയുമായി എത്തുന്ന സ്ത്രീകളോട് വളരെ മോശമായാണ് പെരുമാറുന്നതെന്ന പരാതി വ്യാപകമാണ്.
പരാതിയുമായി എത്തിയ ഒരു യുവതിയോട് വളരെ മോശമായി പെരുമാറിയതിനാൽ കമ്മീഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ യുവതിയ്ക്ക് ചെയർപേഴ്സണ് പരാതി നൽകേണ്ട ഗതികേടും അടുത്തിടെ ഉണ്ടായി.