കൊല്ലം: വനിതാമതിൽ ജാതിയമായി വേർതിരിവുണ്ടാക്കുന്ന ഒരു പരിപാടിയായിട്ട് മാത്രമേ കാണാൻ കഴിയുവെന്ന് മന്നം സാംസ്കാരിക സമിതി അഭിപ്രായപ്പെട്ടു. മന്നത്ത് പത്മനാഭന്റെ നിലപാടുകളെ പ്രത്യക്ഷമായും പരോക്ഷമായും പരാജയപ്പെടുത്തുവാൻ ശ്രമിച്ച സിപിഎം പോലുള്ള ശക്തികളെ നേരിട്ട പാരന്പര്യമുള്ള എൻഎസ്എസിന് ഇപ്പോൾ ശക്തമായ നേതൃത്വമാണുള്ളതെന്ന് ഭരിക്കുന്നവർ മനസിലാക്കണമെന്നും മന്നം സാംസ്കാരിക സമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
നേതൃത്വത്തെ പൂർണ്ണമായും അംഗീകരിച്ച് പ്രവർത്തിക്കുന്ന സംഘടനാശക്തി കണ്ട് ഭയപ്പെടുന്ന സിപിഎം ഉൾപ്പെടെയുള്ള പാർട്ടികൾ അവരുടെ നിലപാടുകൾ പുനഃപരിശോധിക്കേണ്ടതാണ്. ശബരിമലയിലെ പോലീസ് സാന്നിധ്യം ഭീകരത സൃഷ്ടിക്കുകയാണ്.
തീവ്രവാദ ഗ്രൂപ്പിന്റെ പിൻബലത്തോടെ മലകയറാൻ തയാറാകുന്നവരെ സഹായിക്കുന്ന നിലപാടിൽ നിന്നും ഗവണ്മെന്റും പോലീസും പിന്മാറണം. ശബരിമലയിലെ സമാധാനാന്തരീക്ഷം ഭക്തർക്ക് ഒരുക്കികൊടുക്കുവാൻ ദേവസ്വംബോർഡ് മുൻകൈയെടുക്കണമെണന്ന് മന്നം സാംസ്ക്കാരിക സമിതി ആവശ്യപ്പെട്ടു.
കേരളത്തിലെ 50 താലൂക്കുകളിൽ നായർ സമുദായത്തിന്റെ ആശയഗതികളോട് സഹകരിക്കുന്ന സമസ്തമേഖലകളിലുമുള്ള ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നായർ സമുദായത്തിന്റെ നിലപാടുകൾ വിശദീകരിക്കുന്ന സാംസ്കാരിക സദസുകൾ സംഘടിപ്പിക്കുവാൻ മന്നം സാംസ്കാരിക സമിതി തീരുമാനിച്ചു. ചെയർമാൻ പ്രഫ. എൻ. രാജശേഖരൻനായർ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻനായർ ഉദ്ഘാടനം ചെയ്തു. ആർ. വേണുഗോപാലമേനോൻ, ചവറ സുരേന്ദ്രൻപിള്ള, ആറുമാനൂർ ഉണ്ണികൃഷ്ണൻ, പ്രഫ. ഗിരീഷ് ആർ. നായർ, അഡ്വ. സോമശേഖരപിള്ള, കെ.എൻ. പ്രഭാകരക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു.