കോഴിക്കോട്: ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാമതിലിന് നേരെ ആക്രമണമുണ്ടായേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കി പോലീസ്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ജില്ലാ രഹസ്യാന്വേഷണ വിഭാഗവുമാണ് നിരീക്ഷണം ശക്തമാക്കിയത്.
ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പ ജ്യോതിക്കുനേരെ വടക്കന്‍ ജില്ലകളില്‍ ആക്രമണമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വനിതാ മതിലിനു നേരെയും ആക്രമണമുണ്ടായേക്കാമെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയത്.
അതേസമയം ബിജെപി ഒരിക്കലും അക്രമത്തിന് ആഹ്വാനം ചെയ്യാറില്ലെന്നും വനിതാമതില്‍ ആക്രമിക്കുമെന്ന രീതിയിലുള്ള പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.
കോഴിക്കോട് റൂറല്‍ , കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് പോലീസ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. ഈ സ്ഥലങ്ങളിലെല്ലാം രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അയ്യപ്പജ്യോതിയ്ക്കു നേരെ ആക്രമണമുണ്ടായ കണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളായ ഓണക്കുന്ന്, ആണൂര്‍ എന്നിവിടങ്ങളിലും കണ്ണൂരിലെ കരിവള്ളൂര്‍, കോത്തായി മുക്ക്, അന്നൂര്‍, സെയ്താര്‍പള്ളി, കാസര്‍ഗോഡ് മഞ്ചേശ്വരം, ആദൂര്‍ , ബേക്കല്‍, അമ്പലത്തറ, കോഴിക്കോട് റൂറലിലെ അഴിയൂര്‍ , പയ്യോളി തുടങ്ങി സ്ഥലങ്ങളിലുമാണ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്.