നിയാസ് മുസ്തഫ
കോട്ടയം: കേരളം ഭ്രാന്താലയമാക്കരുത്, നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വനിതാ മതിൽ ചരിത്രത്തിൽ ഇടം നേടുമോയെന്ന് ഇന്നറിയാം.
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ, ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന വനിതാ മതിൽ എന്ന ആശയം ഇന്നു യാഥാർഥ്യമാകുന്പോൾ അതൊരു ചരിത്ര സംഭവമാകുമെന്ന കണക്കുകൂട്ടലിൽ തന്നെയാണ് സർക്കാർ.
വനിതാ മതിൽ ഒരു വൻ മതിൽ ആകുമെന്ന മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം തുളുന്പുന്ന വാക്കുകൾ പാഴ്വാക്കാതിരിക്കാൻ സർവ സന്നാഹങ്ങളുമൊരുക്കി വനിതാ മതിൽ വിജയിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് സർക്കാർ സംവിധാനങ്ങളും. വനിതാ മതിൽ തങ്ങളുടെ രാഷ്ട്രീയ വിജയത്തിന്റെ അളവുകോലാണെന്ന് മനസിലാക്കി എൽഡിഎഫ് മുന്നണിയും സർക്കാരിനു ‘കട്ട സപ്പോർട്ടു’മായി ഒപ്പമുണ്ട്. ഇതോടൊപ്പം 174 നവോത്ഥാന സംഘടനകളുടെ പിൻബലവും.
സംഘാടകസമിതിയുടെ തലപ്പത്തുള്ള വെള്ളാപ്പള്ളി നടേശൻ വനിതാ മതിൽ ലോകത്തിലെ ചരിത്രസംഭവമാകുമെന്ന് പറയുന്നത് ഈ കരുത്തിലാണ്.എന്നാൽ, വനിതാ മതിൽ ‘പൊളിഞ്ഞ മതിലാ’കുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ പാർട്ടികൾ. നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് സംഘടിപ്പിക്കുന്ന വനിതാമതിൽ ഒരു മുന്നണിയുടെ, അല്ലെങ്കിൽ ഒരു പാർട്ടിയുടെ പരിപാടിയായി മാത്രമേ കാണാൻ കഴിയൂവെന്ന നിലപാടാണ് പ്രതിപക്ഷ പാർട്ടികൾക്കുള്ളത്.
മതിൽ ജാതീയ ചേരിതിരിവ് സൃഷ്ടിക്കുമെന്നും മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ഉൾപ്പെടുത്താതെ നടത്തുന്ന മതിൽ വർഗീയ മതിലാണെന്നും പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിൽ കഴന്പില്ലെന്നും മതിൽ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ വലിയൊരു മാറ്റത്തിന് കാരണമാകുമെന്നുമുള്ള വിലയിരുത്തലിലാണ് ഭരണപക്ഷം. എന്തായാലും, വിവാദങ്ങൾക്കു നടുവിൽ ഉയരുന്ന വനിതാ മതിലിന്റെ ഭാവി എന്തായിരിക്കുമെന്ന് മണിക്കൂറുകൾക്കകം അറിയാം.