തിരുവനന്തപുരം: ബാലാവകാശ കമ്മീഷനെതിരേ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. വനിതാ മതിലിൽ കുട്ടികൾ പങ്കെടുക്കുന്നത് വിലക്കിയ ഹൈക്കോടതി വിധിക്കെതിരേ ബാലാവകാശ കമ്മീഷൻ പറഞ്ഞത് രാഷ്ട്രീയമാണ്. കമ്മീഷൻ അധ്യക്ഷനെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഇടതുപക്ഷം എന്ന പേര് പറയാൻ പോലും യോഗ്യതയില്ലാത്ത മുന്നണിയാണ് ഇന്ന് കേരളം ഭരിക്കുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ദയനീയ തോൽവിയുണ്ടാകുമെന്ന് ഉറപ്പായതോടെയാണ് എൽഡിഎഫ് വർഗീയ കക്ഷികളെ ഒപ്പം ചേർക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
വനിതാ മതിലിന്‍റെ പേരിൽ കുടുംബശ്രീകളെ സർക്കാർ ഭീഷണിപ്പെടുത്തുകയാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.