റിയാസ് കുട്ടമശേി
ആലുവ: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുകയെന്ന ആശയവുമായി ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിനെച്ചൊല്ലി എസ്എൻഡിപിയിൽ അഭിപ്രായഭിന്നത രൂക്ഷം. കഴിഞ്ഞ ദിവസം ആലുവയിൽ ചേർന്ന യൂണിയന്റെ നേതൃയോഗത്തിൽ ഇത് മറനീക്കി പുറത്തു വന്നു. വനിതാ മതിൽ വിഷയത്തിൽ യോഗം നേതൃത്വത്തെ പഴിച്ചും സ്തുതിച്ചും നടന്ന ചൂടേറിയ ചർച്ചകൾക്കൊടുവിൽ പ്രവർത്തകരുടെ മനസാക്ഷിക്ക് അനുസരിച്ച് പ്രവർത്തിക്കാൻ വിട്ടുകൊടുത്തു കൊണ്ടാണ് പിരിഞ്ഞത്.
എസ്എൻഡിപി ആലുവ യൂണിയനു കീഴിൽ 61 ശാഖകളാണുള്ളത്. ശാഖ പ്രസിഡന്റ്, സെക്രട്ടറി, സഹ ഭാരവാഹികൾ, പോഷകസംഘടനാ ഭാരവാഹികൾ, യൂണിയൻ അംഗങ്ങൾ തുടങ്ങിയവരുടെ യോഗമാണ് വിളിച്ചു ചേർത്തത്. ജനുവരി ഒന്നിലെ വനിതാ മതിലായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. സ്വന്തം തട്ടകമായ ആലുവയിൽ ചേർന്ന നേതൃസമ്മേളനം എസ്എൻഡിപി യോഗം പ്രസിഡന്റ് എം.എൻ. സോമനാണ് ഉദ്ഘാടനം ചെയ്തത്.
യോഗനേതൃത്വം എടുത്ത തീരുമാനപ്രകാരം വനിതാ മതിലിൽ പങ്കെടുത്ത് വൻ വിജയമാക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഉദ്ഘാടന പ്രസംഗത്തിനുശേഷം അദ്ദേഹം വേദിവിട്ടു. തൊട്ടുപിന്നാലെ ചടങ്ങിൽ അധ്യക്ഷനായിരുന്ന യൂണിയൻ പ്രസിഡന്റ് വി.സന്തോഷ് ബാബുവും സ്വകാര്യ ആവശ്യത്തിനായി പങ്കെടുക്കേണ്ടതു കൊണ്ട് ഉത്തരവാദിത്വം മറ്റൊരു ഡയറക്ടർ ബോർഡ് മെന്പറെ ഏൽപ്പിച്ചശേഷം പോകുകയും ചെയ്തു.
തുടർന്ന് നടന്ന ചർച്ചയിൽ പങ്കെടുത്ത ഭാരവാഹികളാണ് വനിതാ മതിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തു വന്നത്. യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം ഭാരവാഹികളും വനിതാ മതിലുമായി ബന്ധപ്പെട്ട് യോഗനേതൃത്വം എടുത്ത നിലപാടിനോട് കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തിയത്. മുപ്പതോളം ശാഖകൾ വനിതാ മതിലുമായി സഹകരിക്കേണ്ടതില്ലെന്ന ഉറച്ച നിലപാട് യോഗത്തിൽ വ്യക്തമാക്കി. ചെങ്ങമനാട് മേഖലയിലെ രണ്ട് ശാഖകൾ മാത്രമാണ് വനിതാ മതിലിനെ പൂർണമായും പിന്തുണച്ചത്.
മറ്റ് ശാഖാ നേതൃത്വങ്ങൾ നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയായിരുന്നു. യോഗത്തിൽ ഉന്നയിച്ച പല ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം നൽകാൻ കഴിയാതെ നേതാക്കളും കുഴങ്ങി.അതേസമയം വനിതാ മതിലിനു ശബരിമല സ്ത്രീ വിഷയവുമായി യാതൊരു ബന്ധമില്ലെന്നും യോഗ തീരുമാനം എല്ലാവരും ബാധ്യസ്ഥരാണെന്ന നിലപാടാണ് നേതൃത്വം മുന്നോട്ടു വച്ചത്.
ഇതിനിടയിൽ മുഖ്യമന്ത്രിയേയും വനിതാ മതിലിനേയും ന്യായീകരിച്ചുകൊണ്ട് ചില ഭാരവാഹികളും രംഗത്ത് വന്നതോടെ മറുവിഭാഗം പ്രതിരോധമുയർത്തി. ശ്രീനാരായണീയ പ്രസ്ഥാനത്തേയും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും വ്യക്തിപരമായും സംഘടനാപരമായും അധിക്ഷേപിച്ചു നടന്നവർക്ക് മുന്നിൽ കീഴടങ്ങിയ നേതൃത്വത്തിന്റെ നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്ന് ചില ഭാരവാഹികൾ തുറന്നടിച്ചു.
ഏറെ വാഗ്വാദങ്ങൾക്ക് ഒടുവിൽ വനിതാ മതിലിൽ ഇഷ്ടമുള്ളവർക്ക് പങ്കെടുക്കാമെന്നും ആരെയും നിർബന്ധിക്കില്ലെന്നും തീരുമാനമെടുത്താണ് യൂണിയൻ നേതൃസമ്മേളനം പിരിഞ്ഞത്. വനിതാ മതിൽ പ്രധാന അജണ്ടയായതിനാൽ കോണ്ഗ്രസ് ബ്ലോക്ക് ഭാരവാഹിയും എസ്എൻഡിപി യൂണിയൻ വൈസ് പ്രസിഡന്റുമായ പി.ആർ.നിർമ്മൽകുമാറടക്കമുള്ള കോണ്ഗ്രസ് അനുകൂല നിലപാടുള്ള ഭാരവാഹികൾ യോഗത്തിൽ നിന്നു വിട്ടുനിന്നു.
വെള്ളാപ്പള്ളി നടേശന്റെ ഏതു നിർദേശത്തേയും എതിർപ്പുകളില്ലാതെ ശിരസാവഹിച്ചിട്ടുള്ള യോഗം പ്രസിഡന്റിന്റെ സ്വന്തം യൂണിയൻ കൂടിയായ ആലുവയിലെ അഭിപ്രായഭിന്നത നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.