എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: വനിതാ മതിലുമായി ബന്ധപ്പെട്ട് ജനുവരി ഒന്നിന് സ്കൂളുകൾക്ക് അവധിയില്ല. വനിതാ മതിലിൽ കുട്ടികളേയും അധ്യാപകരേയും പങ്കെടുപ്പിക്കുന്നതിനായി സ്കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിക്കുമെന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ടാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം. വനിതാ മതിലിൽ പങ്കെടുക്കുന്നതിന് കുട്ടികളെയോ അധ്യാപകരെയോ അനധ്യാപകരെയോ നിർബന്ധിക്കില്ല. കുട്ടികൾ ഉൾപ്പെടെ ആർക്കും വനിതാ മതിലിൽ അണിചേരാം.
പങ്കെടുത്തതിന്റെ പേരിലോ പങ്കെടുക്കാത്തതിന്റെ പേരിലോ ആർക്കെതിരേയും നടപടി ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കുട്ടികളെ വനിതാ മതിലിൽ പങ്കെടുപ്പിക്കണമെന്ന തരത്തിലുള്ള ഒരു നിർദ്ദേശവും ഇതുവരെ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല. ജനുവരി ഒന്ന് സ്കൂളുകൾക്ക് പ്രവൃത്തി ദിനമായിരിക്കും. മറിച്ചുള്ള വാർത്തകൾ ശരിയല്ല.
അധ്യാപകരേയും കുട്ടികളേയും നിർബന്ധിച്ച് വനിതാ മതിലിൽ പങ്കെടുപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന രാഷ്ട്രീയ ആരോപണം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം ലഭിച്ചിരിക്കുന്നത്.
ഈ മാസം 31നാണ് ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്നത്. ഒന്നാം തീയതി വനിതാ മതിലും രണ്ടാം തിയതി മന്നം ജയന്തിയോട് അനുബന്ധിച്ച് പൊതു അവധിയുമാണ്. വനിതാ മതിലിൽ കുട്ടികളെയും അധ്യാപകരേയും പങ്കെടുപ്പിക്കുന്നതിനായി സ് കൂളുകൾ മുന്നാം തീയതിയേ തുറക്കുകയുള്ളൂവെന്ന പ്രചാരണം സൈബർ ഗ്രൂപ്പുകളിലും സമൂഹ മാധ്യമത്തിലും വ്യാപകമായ സാഹചര്യത്തിലാണ് രാഷ്ട്രദീപിക ഇതേക്കുറിച്ച് വിദ്യാഭ്യാസ വകുപ്പിനോട് അന്വേഷിച്ചത്.
ഇതിനുള്ള മറുപടിയായാണ് ഒന്നാം തീയതി അവധി നൽകാൻ ഉദ്ദേശിച്ചിട്ടില്ലെന്ന ഔദ്യോഗിക വിശദീകരണം വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് നൽകിയത്.