പയ്യന്നൂര്‍: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില് ലോക റിക്കാര്‍ഡിന് പരിഗണിക്കുന്നു. ഇതിനു മുന്നോടിയായി യൂണിവേഴ്സല്‍ റിക്കാര്‍ഡ്സ് ഫോറം(യുആര്‍എഫ്) നിരീക്ഷകരെ ചുമതലപ്പെടുത്തി.
ലോക റിക്കോര്‍ഡിലേക്ക് പരിഗണിക്കുന്നതിലേക്ക് ആവശ്യമായ രേഖകള്‍ പകര്‍ത്തുന്നതിലേക്ക് 10 ജില്ലകളിലായാണ് ജൂറി അംഗങ്ങളെ നിയമിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര ജൂറി ചെയര്മാന് ഗിന്നസ് ഡോ.സുനില്‍ ജോസ് രാഷ്ട്രദീപികയോട് പറഞ്ഞു.
ഓരോ ജില്ലകളിലും ജൂറി അംഗങ്ങളെ സഹായിക്കുന്നതിന് 20 പേരടങ്ങുന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുമുണ്ടാകും. അനില്‍ (കാസര്‍ഗോഡ്),ഡേവിഡ് പയ്യന്നൂര്‍(കണ്ണൂര്‍), പ്രജിഷ്(കോഴിക്കോട്), സത്താര്‍ (തൃശൂര്‍), വിന്നര്‍ ഷെറിഫ് (മലപ്പുറം), മുരളി നാരായണൻ(എറണാകുളം), അതിര മുരളി (ആലപ്പുഴ),ഹാരിസ് താഹ (കൊല്ലം), സുനില്‍ ജോസ്,(തിരുവനന്തപുരം), സെയ്തലവി(പാലക്കാട്), ലിജോ ജോര്‍ജ് (റിപ്പോര്‍ട്ടർ) എന്നീ ഗിന്നസ് അവാര്‍ഡ് ജേതാക്കളെയാണ് ജൂറി അംഗങ്ങളായി നിയോഗിച്ചിരിക്കുന്നത്.
620 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തീര്‍ക്കുന്ന വനിതാമതിലിൽ 62 കിലോമീറ്റര്‍ വീതമാണ് ഓരോ ജൂറിയംഗത്തിനും വീതിച്ച് നല്‍കിയിരിക്കുന്നത്. ഇതിനെ വീണ്ടും 15, അഞ്ച്, മൂന്ന്,ഒന്ന് കിലോമീറ്ററുകളായി തിരിച്ച് നിരീക്ഷണത്തിനായി കോ-ഓർഡിനേറ്റര്‍മാരെ ജൂറി അംഗങ്ങള്‍ നിയോഗിക്കും.
ഓരോ കിലോമീറ്റര്‍ ദൂരത്തിനും ഒരു കോ-ഓർഡിനേറ്റര്‍ വീതവുമുണ്ടാകും. വനിതാ മതിലിന് ശേഷം ഉടന്‍തന്നെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനായി അറിയിക്കുന്നതിനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജൂറി ചെയര്മാന് ഡോ.സുനില്‍ ജോസ് പറഞ്ഞു.