തിരുവനന്തപുരം: കാസർഗോഡ് മുതൽ തിരുവനന്തപുരത്തു വെള്ളയന്പലം വരെ ദേശീയപാതയിലൂടെ 620 കിലോമീറ്റർ ദൂരത്തിൽ ഇന്നു വൈകുന്നേരം നാലിന് വനിതാമതിൽ ഉയരും. വിവാദങ്ങൾക്കു നടുവിൽ നടക്കുന്ന വനിതാ മതിലിൽ അന്പതു ലക്ഷം വനിതകൾ പങ്കെടുക്കുമെന്നു സംഘാടകർ അവകാശപ്പെട്ടു. ഉച്ചകഴിഞ്ഞു മൂന്നിന് പ്രവർത്തകർ ദേശീയപാതയിൽ നിരക്കും. 3.45ന് റിഹേഴ്സൽ. നാലിന് വനിതാമതിൽ തീർക്കും.
പതിനഞ്ചു മിനിറ്റ് ആണ് മതിൽ നീളുക. തുടർന്ന് മതേതര, നവോത്ഥാന പ്രതിജ്ഞ ചൊല്ലും. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ പൊതുസമ്മേളനം നടക്കും. റോഡിന്റെ ഇടതുവശത്ത് സ്്ത്രീകൾ അണിനിരക്കും. എതിർവശത്ത് പുരുഷന്മാരും നിരക്കും. ട്രാഫിക് തടസമുണ്ടാക്കാതെ റോഡിന്റെ വശത്തു മാത്രമായിരിക്കും പ്രവർത്തകർ നിൽക്കുകയെന്നും സംഘാടകർ അറിയിച്ചു.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലൂടെയുള്ള ദേശീയപാതയിലാണ് വനിതാമതിൽ ഒരുങ്ങുന്നത്. മറ്റു ജില്ലകളിൽ നിന്നുള്ള പ്രവർത്തകരെയും വനിതാമതിൽ തീർക്കുന്ന ജില്ലകളിലേക്ക് എത്തിക്കും. നാൽക്കവലകളിൽ നിശ്ചിത സമയത്തിന് പത്ത് മിനിറ്റു മുന്പു മാത്രം മതിൽ സൃഷ്ടിക്കണമെന്ന് സംഘാടക സമിതി നിർദേശിച്ചു.
174 സംഘടനകൾ ഉൾപ്പെടുന്ന നവോത്ഥാന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വനിതാമതിലിന് സർക്കാർ പിന്തുണയുണ്ട്. ഇടതുജനാധിപത്യ മുന്നണിയും ശക്തമായ പിന്തുണയാണു നൽകുന്നത്. അവരുടെ വനിതാസംഘടനകളും മറ്റു നിരവധി സംഘടനകളും വനിതാമതിലിൽ അണിചേരും.സർക്കാർ പിന്തുണയോടെ നടത്തുന്ന വനിതാമതിലിനെതിരേ പ്രതിപക്ഷ കക്ഷികൾ കടുത്ത വിമർശനം ഉന്നയി ച്ചിരുന്നു. വനിതാമതിൽ രാഷ്ട്രീയ വിമർശനത്തിനൊപ്പം കോടതി കയറുകയും ചെയ്തിരുന്നു.
വനിതാമതിൽ വിജയിപ്പിക്കുന്നതിനായി സർക്കാർ സർവസന്നാഹവും ഒരുക്കിയിട്ടുണ്ട്. ജില്ലകളിൽ മന്ത്രിമാർക്കു ചുമതലയും നൽകിയിരുന്നു. വനിതാമതിൽ വിജയിപ്പിക്കാൻ സഹായങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് വിവിധ വകുപ്പുകൾ സർക്കുലറുകൾ പുറത്തിറക്കിയതും വിവാദമായിരുന്നു.