ആലപ്പാട് (തൃശൂർ): ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിൽ പങ്കെടുക്കാൻ ആരെയും ഞങ്ങൾ നിർബന്ധിക്കുന്നില്ലെന്ന്സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അവരവർക്ക് അവരവരുടെ സ്വാതന്ത്ര്യമുണ്ട്. വനിതാ മതിലിന് വേണ്ടി സർക്കാരിന്റെ ഒരു പൈസ പോലും ചെലവഴിക്കുന്നില്ല. മറിച്ചുള്ള പ്രചരണം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പിന്തരിപ്പിക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
ആലപ്പാട് എസ്.എൻ.ബി ഹാളിൽ സംഘടിപ്പിച്ച സിപിഐ ചാഴൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം .അനാവശ്യ കാര്യങ്ങൾക്ക് വേണ്ടി നടത്തുന്ന ഹർത്താലുകളും സമരങ്ങളും തിരിച്ചറിയണമെന്ന് സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. ജനുവരി 8, 9 തിയ്യതികളിൽ നടക്കുന്ന സമരം ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയാണെന്ന് കാനം ന്യായീകരിച്ചു.
കെ .പി .അവറുസുകുട്ടി അധ്യക്ഷനായിരുന്നു. ചേർപ്പ് ഗവ.ഐടി ഐ ചെയർമാൻ അരുണിനെ പൊന്നാടയണിയിച്ച് കാനം രാജേന്ദ്രൻ അനുമോദിച്ചു.ഇ.സി.പവിത്രൻ കവിത ചൊല്ലി.ഗീതാ ഗോപി എം എൽ എ, സംസ്ഥാന കൗണ്‍സിൽ അംഗം ഷീല വിജയകുമാർ, കെ.എം.ജയദേവൻ, കെ.കെ.രാജേന്ദ്രബാബു ,കെ.കെ.സുബ്ര മണ്യൻ കെ.കെ.ജോബി, പി.ബി.ഷാജി എന്നിവർ പ്രസംഗിച്ചു.പി.ആർ.കൃഷ്ണകുമാർ സ്വാഗതവും കെ.എസ്.മുഹമ്മദ് നന്ദിയും പറഞ്ഞു.