മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്കയെന്നു വിശേഷിപ്പിക്കപ്പെടുന്ന മുംബൈയിലെ പ്രശസ്ത സ്റ്റേഡിയമായ വാങ്കഡെ സ്റ്റേഡിയം തുടർന്നും ഉപയോഗിക്കണമെങ്കിൽ 120 കോടി രൂപ നല്കണമെന്ന് മഹാരാഷ്ട്ര സർക്കാർ മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് (എംസിഎ) ആവശ്യപ്പെട്ടു. ഐപിഎൽ ഗ്ലാമർ ക്ലബ്ബായ മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ട്കൂടിയാണ് വാങ്കഡെ സ്റ്റേഡിയം.
ലീസ് പുതുക്കാത്തതും, ഫീസ് കുടിശിഖയും ആവശ്യപ്പെട്ടുകൊണ്ട് മുംബൈ സിറ്റി കളക്ടർ ശിവാജി ജൊന്ദാലെ എംസിഎയ്ക്ക് നോട്ടീസ് അയച്ചു. 120 കോടി രൂപ നൽകാൻ തയാറായില്ലെങ്കിൽ സ്റ്റേഡിയം ഒഴിഞ്ഞുകൊടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
33,108 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയം 1975 ലാണ് പണികഴിപ്പിച്ചത്. സ്റ്റേഡിയം ഇരിക്കുന്ന സ്ഥലം മഹാരാഷ്ട്ര സർക്കാരിൽനിന്ന് 50 വർഷത്തെ ലീസിനാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ എടുത്തത്. ഈ ലീസ് കാലാവധി 2018 ഫെബ്രുവരിയിൽ അവസാനിച്ചിരുന്നു.