കോട്ടയം: വനിതാ മതിലിന്റെ പേരിൽ വ്യാപക പിരിവ്. കോട്ടയത്തും പരിസരപ്രദേശങ്ങളിലുമാണ് സിപിഎം പ്രവർത്തകരെന്നു സ്വയം പരിചയപ്പെ ടുത്തി ഏതാനും പേരുടെ നേതൃത്വത്തിൽ പണപ്പിരിവ് നടത്തുന്നത്. സ്ഥാപനങ്ങൾ, ഫ്ളാറ്റുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ കയറിയിറങ്ങിയാണു പിരിവ്.
കളത്തിപ്പടിയിൽ പെയിന്റിംഗ് കോണ്ട്രാക്ടറുടെ നേതൃത്വത്തിലാണു പിരിവ്. സിപിഎം പ്രവർത്തകരാണെന്നും വനിതാ മതിലിനുവേണ്ടി നല്ല രീതിയിൽ പിരിവ് നൽകണമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടിവരുമെന്നും പിരിവിന് എത്തിയവർ ഭീഷണി മുഴക്കിയിട്ടുണ്ട്.
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ജനുവരി ഒന്നിനാണ് വനിതാ മതിൽ തീർക്കുന്നത്. കാസർഗോഡുനിന്ന് തിരുവനന്തപുരം വരെ ദേശീയപാതയോരത്ത് വൈകുന്നേരം നാലിനു തീർക്കുന്ന മതിലിൽ കേരളത്തിലെ സ്ത്രീ ജനങ്ങൾ പങ്കെടുക്കുമെന്നാണു സർക്കാർ പറയുന്നത്. ഇതിന്റെ പേരിൽ പിരിവ് നടത്തുന്നതിനെതിരേ പ്രതിഷേധം ശക്തമാണ്.
നിർമാണത്തിലിരിക്കുന്ന ഫ്ളാറ്റുകളിലും നിർമാണം പൂർത്തിയായി ഉടമകൾക്കു കൈമാറിയ ഫ്ളാറ്റുകളിലും പിരിവ് നടക്കുന്നുണ്ട്. ഇന്നലെ കളത്തിപ്പടിയിൽ ഒരു ഫ്ളാറ്റിൽ മൂന്നു പേർ പിരിവിന് എത്തിയിരുന്നു. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിൽപ്പെട്ടവരെന്നു പറഞ്ഞാണു പിരിവിനെത്തിയത്.
ഫ്ളാറ്റിന്റെ നിർമാണത്തിന് അപാകതയുണ്ടെന്നും പണം നൽകിയില്ലെങ്കിൽ നടപടി നേരിടേണ്ടിവരുമെന്നുമാണു പിരിവിനെത്തിയവർ പറഞ്ഞത്. നാളെ വൈകുന്നേരം വീണ്ടും വരുമെന്നും നല്ലതുക സമാഹരിച്ചു നൽകണമെന്നുമാണ് ഇവർ ആവശ്യപ്പെട്ടത്. പിരിവ് നടത്തിയവർക്ക് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്നും അവർ ഇടതുപക്ഷവുമായി അകന്നു കഴിയുന്നവരാണെന്നുമാണ് സി പിഎം നേതൃത്വം ഇതേക്കുറിച്ച് പറയുന്നത്.