തൊടുപുഴ: വണ്ണപ്പുറം മുണ്ടന്മുടി കമ്പകക്കാനത്ത് കാനാട്ട് കൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും കൂട്ടക്കൊലപാതകത്തില്‍ അന്വേഷണം അടുപ്പക്കാരിലേക്ക്. അക്രമികള്‍ വീട്ടില്‍ പ്രവേശിച്ചിരിക്കുന്ന രീതിയും മറ്റും ഈ നിഗമനത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്.
ഇവരുടെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്ത പോലീസ് ഇവ പരിശോധിച്ചു വരികയാണ്. കൂടാതെ വണ്ണപ്പുറം മേഖലയിലെ സിസടിവി കാമറാ ദൃശ്യങ്ങളും പരിശോധിക്കും. അന്വേഷണ സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ ഉച്ചകഴിഞ്ഞ് മുണ്ടന്മുടിയിലെത്തിക്കും.
വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബലപ്രയോഗത്തിലൂടെയല്ലാ വാതില്‍ തുറന്നതെന്ന് വ്യക്തമായിട്ടുണ്ട്. മുന്‍വാതില്‍ അകത്തു നിന്നും കുറ്റിയിട്ടിരുന്നു. പിന്‍വാതിലിലൂടെയാണ് കൊല നടത്തിയവര്‍ കൃത്യത്തിനു ശേഷം പുറത്തിറങ്ങി രക്ഷപെട്ടത്.
അടുത്ത നാളുകളായി കൃഷ്ണന് ആരെയോ ഭയപ്പെട്ടിരുന്നതായും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിരുന്നത് ഇവരെ പ്രതിരോധിക്കാനായിരിക്കാമെന്നാണ് പോലീസ് അനുമാനിക്കുന്നത്. സ്വയ രക്ഷക്കു വേണ്ടിയാണ് ആയുധങ്ങള്‍ ഇവിടെ സൂക്ഷിച്ചിരുന്നതെന്ന സൂചനകളും ലഭിച്ചു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ചെങ്കില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടാതെ സംഭവ സ്ഥലത്തു നിന്നും ലഭിച്ച ചുറ്റികയും കഠാരയും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനയക്ക് വിധേയമാക്കണം.
തെളിവുകള്‍ കാര്യമായി അവശേഷിപ്പിക്കാതെ നടത്തിയ ക്രൂരമായ കൊലപാതകമായിതനാല് അന്വേഷണം പോലീസിനു ഏറെ തലവേദന സൃഷ്ടിക്കുന്നുണ്ട്.ഇതിനിടെ കൃഷ്ണനും സഹോദരന്മാരുമായി സ്വത്തു തര്‍ക്കവും ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
പോലീസിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൃഷ്ണന്റെ സഹോദരന്മാരെ കൂടുതല്‍ ചോദ്യം ചെയ്യും. ഇവരുമായോ കുടുംബവുമായോ കൃഷ്ണന് കാര്യമായ ബന്ധമുണ്ടായിരുന്നില്ല. ഇവരം കാണാനില്ലെന്ന് അറിഞ്ഞെത്തിയ സഹോദരന്മാര് ഇവരുടെ വീട്ടില്‍ കയറാന്‍ കൂട്ടാക്കിയിരുന്നില്ല.
നാട്ടുകാരാണ് അകത്തു കയറി നോക്കിയതും മുറിക്കുള്ളില്‍ രക്തപ്പാടുകള്‍ കണ്ടെത്തിയതും.കൊലപാതകം അപ്രതീക്ഷിതമല്ലെന്നും തികച്ചും ആസൂത്രിതമാണെന്ന സംശയവും ബലപ്പെടുന്നുണ്ട്. കമ്പകകാനത്തു നിന്നും ഒരു കിലോമീറ്റര്‍ പഞ്ചായത്ത് റോഡിലൂടെ യാത്ര ചെയ്ത് ഒരു റബര്‍തോട്ടത്തിലൂടെ ഒറ്റയടി പാതയിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ കൃഷ്ണന്റെ വീട്ടിലെത്തുകയുള്ളൂ.
ഒറ്റപ്പെട്ടുനില്ക്കുന്ന ഈ വീട്ടിലേക്കു നടന്നു പോകാനുള്ള വഴിമാത്രമാണുള്ളത്. വഴിയില്‍ നിന്നും 250 മീറ്റര്‍ മാത്രമേയുള്ളൂവെങ്കിലും വീടിരിക്കുന്ന സ്ഥലം ഒരുതാഴ്ന്ന പ്രദേശത്തായതു കൊണ്ട് ആര്‍ക്കും വീടു പെട്ടെന്ന് കാണാന്‍ കഴിയില്ല.
രാത്രികാലങ്ങളില്‍ ധാരാളം ആളുകള്‍ വിവിധ വാഹനങ്ങളില്‍ വന്നു പോകാറുള്ളതു കൊണ്ട് നാട്ടുകാര്‍ ശ്രദ്ധിക്കാറില്ല.മന്ത്രവാദവുമായി ബന്ധപ്പെട്ടു അന്യസംസ്ഥാനങ്ങളില്‍ നിന്നു പോലും ആളുകള്‍ ഇവിടെ വരാറുള്ളതു കൊണ്ടും പലപ്പോഴും വീട്ടില്‍ നിന്നും മന്ത്രവാദത്തെ തുടര്‍ന്നുള്ള ശബ്ദം കേള്‍ക്കാറുള്ളതു കൊണ്ടും നാട്ടുകാരും ഇങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല.
ഇതെല്ലാം അറിയാവുന്ന സംഘമാണ് കൊലപാതകം അസൂ്ര്രതണം ചെയ്തിരിക്കുന്നത്. ഈ ദിവസങ്ങളില്‍ കനത്തമഴയായിരുന്നു. ഒറ്റപ്പെട്ട വീട്ടില്‍ നിന്നും ശബ്ദം പുറത്തു വരാത്തവിധം ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയെന്നാണ് വിലയിരുത്തല്‍.
മാരകമായി പരിക്കേറ്റവരെ ജീവന് നഷ്ടപ്പട്ടുവെന്നു ഉറപ്പാക്കാന്‍ കത്തി കൊണ്ടു കുത്തി മരണം ഉറപ്പാക്കുകയും ചെയ്തിരിക്കണം. ആറടിയോളം ഉയരവും മികച്ച ശാരീരികശേഷിയുമുള്ള കൃഷ്ണനെയും മകനെയും ഒരാള്‍ക്കു ആക്രമിച്ചു കീഴ്പ്പെടുത്തുക അത്ര എളുപ്പമല്ല. കൊലപാതകത്തിനുശേഷം വീടിനു പിന്നില്‍ കുഴിയെടുത്തു നാലുപേരെയും കുഴിച്ചിടണമെങ്കില്‍ കൂടുതല്‍ പേരുടെ സഹായം ആവശ്യമായി വരും.
പിന്നില്‍ മന്ത്രവാദത്തിലെ ശത്രുതയോ ?
വണ്ണപ്പുറം : മുണ്ടന്മുടിയില് നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിനു പിന്നില്‍ മന്ത്രവാദത്തിനിടെ സംഭവിച്ച താളപിഴകളോ? കൊല്ലപ്പെട്ട് കൃഷ്ണന് മന്ത്രവാദവും ആഭിചാരക്രിയകളും നടത്താറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
ഇതിന്റെ ഭാഗമായുണ്ടായ ശത്രുതയാണോ കൂട്ടക്കൊലയിലേക്ക് നയിച്ചതെന്നാണ് സംശയം. മന്ത്രവാദത്തിനു സാഹചര്യമൊരുക്കുന്നതിനായി കൃഷ്ണന് ആദ്യം തന്നെ സഹോദരങ്ങളെയും ബന്ധുക്കളെയും പിണക്കി. ഇയാളുടെ ചെയ്തികളെ ചോദ്യം ചെയ്ത സഹോദരങ്ങളെയും ബന്ധുക്കളെയും വീട്ടിലേക്കു അടുപ്പിച്ചില്ല. നാട്ടുകാര്‍ക്കു പോലും ഈ വീട്ടിലേക്കു വരാന്‍ ഭയമായിരുന്നു.
അന്യസംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേകിച്ചു തമിഴ്നാട്ടില്‍ നിന്നും ആളുകള്‍ മന്ത്രവാദക്രിയകള്‍ ചെയ്യിക്കാന്‍ ഇവിടെ എത്താറുണ്ടായിരുന്നു. ആഡംബരവാഹനങ്ങളില്‍ രാത്രികാലങ്ങളിലാണ് സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ ആളുകള്‍ എത്തിക്കൊണ്ടിരുന്നത്. രാത്രികാലങ്ങളില്‍ ഇവിടെ നിന്നും ങബളവും മറ്റും ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ നാട്ടുകാര്‍ ഈ വീട്ടിലേക്കു തിരിഞ്ഞു നോക്കിയിരുന്നില്ല.
എല്ലാത്തിനും ഒരു ദുരൂഹതയുള്ള വീടായിരുന്നു ഇത്. മക്കള്‍ക്കു പോലും ഇതിനാല്‍ മറ്റുള്ളവരുമായി അടുപ്പം പാലിക്കാന്‍ സാധിച്ചിരുന്നില്ല. ഇവരുടെ വീടിന്റെ ജനാലച്ചില്ലുകളില്‍ വെളിച്ചം ഉള്ളിലേക്കു കടക്കാത്ത വിധം പ്ലാസ്റ്റിക് കൊണ്ടു മറച്ചനിലയിലാണ്. ഇതു മന്ത്രവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു വേണ്ടിയാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. വീടിനോടു ചേര്‍ന്ന് സന്ദര്‍ശകരെ കാണുന്നതിനായി പ്രത്യേകം മുറിയും നിര്‍മിച്ചിട്ടുണ്ട്.
ഇത്തരം കാര്യങ്ങള്‍ക്കായി ഇവരെ സമീപിച്ചവരുമായുണ്ടായ പ്രശ്നങ്ങള്‍ ആണോ കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.ഒറ്റപ്പെട്ടു കാണുന്ന ഈ വീട് നിഗൂഢതകള്‍ നിറഞ്ഞതായിരുന്നു. ഒറ്റപ്പെട്ടു നില്ക്കുന്ന ഈ വീടിനെ ചുഴ്ന്ന് എന്നും ദുരൂഹതയുണ്ടായിരുന്നു.
ഒരേക്കര്‍ റബര്‍ത്തോട്ടത്തിലെ വീട്ടിലേക്കു നടപ്പുവഴി മാത്രമാണുള്ളത്. ആര്‍ക്കും പെട്ടെന്നു എത്തിപ്പെടാന്‍ സാധിക്കാത്ത വിധമായിരുന്നു വീടിന്റെ സ്ഥാനം. നാട്ടുകാരുമായി അകലം പാലിക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നാട്ടുകാര്‍ക്കു പോലും കൃഷ്നനെ കുറിച്ചു നല്ല അഭിപ്രായമല്ല. പൂജയും മന്ത്രവാദവുമല്ലാതെ മറ്റ് തൊഴിലുകളൊന്നും ചെയ്യുന്നതായി നാട്ടുകാര്‍ക്ക് അറിയില്ല.