വണ്ണപ്പൂറം കൂട്ടക്കൊല! ധാരാളം സ്വര്‍ണം ധരിക്കുന്നവരായിരുന്നു കൃഷ്ണനും കുടുംബവും; എന്നാല്‍ മൃതദേഹങ്ങളില്‍ ആഭരണങ്ങളൊന്നുമില്ലായിരുന്നു; കൊലപാതകം മോഷണശ്രമത്തിനിടെയെന്ന സാധ്യത തള്ളിക്കളയാതെ പോലീസ്

തൊടുപുഴ വണ്ണപ്പുറം കാനാട്ടു വീട്ടില്‍ കൃഷ്ണന്റെയും കുടുംബത്തിന്റെയും കൂട്ടക്കൊലയില്‍ തുമ്പൊന്നും ലഭിക്കാതെ പോലീസ്. മോഷണസാധ്യതയാണ് പോലീസ് ഇപ്പോള്‍ സംശയിച്ച് വരുന്നതും അന്വേഷിക്കുന്നതും.

കൊലപാതകത്തിനു കാരണമായി സംശയിക്കുന്ന രണ്ടു പ്രധാന സാധ്യതകള്‍ മോഷണം, മന്ത്രവാദമോ പൂജയോ സംബന്ധിച്ച തര്‍ക്കം എന്നിവയാണ്.

കൃഷ്ണന്റെ വീട്ടില്‍നിന്ന് മുപ്പതു പവനിലധികം സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി അന്വേഷംസംഘം സംശയിക്കുന്നു. പൂജ ചെയ്തു കിട്ടുന്ന പണംകൊണ്ട് കൃഷ്ണന്‍ സ്വര്‍ണാഭരണങ്ങള്‍ ധാരാളമായി വാങ്ങിയിരുന്നു.

വീട്ടില്‍ സ്വര്‍ണം ഉള്ള കാര്യം അറിയാവുന്ന ആരെങ്കിലും മോഷണത്തിനു വേണ്ടി കൊലപാതകം നടത്തിയതാണോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്.

വീട്ടിലായിരിക്കുമ്പോഴും ധാരാളം ആഭരണങ്ങള്‍ അണിയുന്ന സ്വഭാവക്കാരായിരുന്നു കൃഷ്ണനും ഭാര്യ സുശീലയുമെന്ന് അയല്‍വാസികള്‍ പറയുന്നു. ആറുപവന്റെ മാലയും വളകളും സുശീല പതിവായി അണിഞ്ഞിരുന്നു.

കൃഷ്ണന്‍ മാലയും നാലു മോതിരങ്ങളും അണിഞ്ഞിരുന്നു. അതേസമയം ഇവരുടെ മൃതദേഹങ്ങളില്‍ ആഭരണങ്ങള്‍ ഉണ്ടായിരുന്നുമില്ല. മകള്‍ ആര്‍ഷയുടെ മുറിയിലെ അലമാരയില്‍ മുപ്പതു പവനിലധികം ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നതായി മാതൃസഹോദരി ഓമന പറയുന്നു.

വലിയൊരു ഡപ്പിയില്‍ ആറു പവനോളം തൂക്കം വരുന്ന നാലു മാല, ചെയിന്‍, പാദസരം എന്നിവ ഉള്‍പ്പെടെയുള്ള ആഭരണങ്ങളാണ് പൂട്ടില്ലാതെ അലമാരയില്‍ വച്ചിരുന്നത്. ഏപ്രിലില്‍ ഇവരുടെ വീട്ടില്‍ വന്നപ്പോള്‍ സുശീല തന്നെ ആഭരണങ്ങള്‍ കാണിച്ചിരുന്നതായും ഓമന പറഞ്ഞു.

ഇക്കാരണങ്ങളാല്‍ സ്വര്‍ണത്തിനുവേണ്ടിയുള്ള മോഷണശ്രമത്തിനിടെ നടന്ന കൊലപാതകം എന്ന സാധ്യതയിലൂടെയും പോലീസ് അന്വേഷണം വഴിതിരിച്ചിട്ടുണ്ട്.

Related posts