തൊടുപുഴ: ഇന്നലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ സംസ്കാരം നടത്തി. മുള്ളരിങ്ങാട് അമയല്‍തൊട്ടി പാലിയത്ത് ഇബ്രാഹിമിന്റെ മകന് അമര്‍ ഇബ്രാഹിമിന്റെ (22) സംസ്കാരം ഇന്നു രാവിലെ മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് നടത്തിയത്.
കാട്ടാനാക്രമണത്തിൽ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തില്‍ യുഡിഎഫും എല്‍ഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുകയാണ്. ഇന്നലെ ഉച്ച കഴിഞ്ഞ് മുള്ളരിങ്ങാട് അമയല്‍തൊട്ടിയില്‍ അമറിന്റെ വീടിനു സമീപത്തു തന്നെയായിരുന്നു സംഭവം. വീടിന് സമീപമുള്ള തേക്ക് പ്ലാന്റേഷനില്‍ മേയാന്‍ വിട്ടിരുന്ന പശുവിനെ അഴിക്കാനാണ് അമറും സുഹൃത്ത് ബ്ലാങ്കരയില്‍ മന്‍സൂറും (41) പോയത്.
ഇതിനിടെ ഇഞ്ചക്കാട്ടില്‍ നിന്ന രണ്ട് ആനകള്‍ ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഭയന്നോടുന്നതിനിടെ അമറിനെ കാട്ടാന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്ത് മന്‍സൂറിന് ആനയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. രണ്ടു കാലുകള്‍ക്കും പരിക്കേറ്റ ഇയാള്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
അമറിന്റെ മൃതദേഹം തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. രാത്രി തന്നെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി കുടുംബത്തിനു കൈമാറാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ തീരുമാനമാകാതെ ഇന്‍ക്വസ്റ്റ് നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ മോര്‍ച്ചറിക്കു മുന്നില്‍ ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധ സമരം നടത്തിയിരുന്നു.
പിന്നീട് സബ് കളക്ടര്‍ സ്ഥലത്തെത്തി ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. തുടര്‍ന്ന് പുലര്‍ച്ചെയോടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം വിട്ടു നല്കി. ഇതിനിടെ രാത്രി എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് പോര്‍വിളി നടത്തിയത് ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.