തൊടുപുഴ: മുണ്ടൻമുടി കന്പകക്കാനത്ത് കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരെ കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് ഇന്ന് നാലു ദിവസം പിന്നിടുന്നു. വണ്ണപ്പുറം, മുണ്ടൻമുടി മേഖലകളെ ഇളക്കിമറിച്ചാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. നാടിനെ നടുക്കിയ ക്രൂരമായ കൂട്ടക്കൊലപാതകത്തിന്റെ ഞെട്ടൽ ഇനിയും ഈ പ്രദേശത്തുനിന്നു മാറിയിട്ടില്ല.
കൂടാതെ പ്രതികളെ കണ്ടെത്താത്തതിനാൽ നാട്ടുകാർ ഭീതിയിലുമാണ്. വർഷങ്ങൾക്കു മുൻപ് വണ്ണപ്പുറം ഒടിയപാറയിൽ നാലംഗകുടുബത്തെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം പോലും നടത്തിയിട്ടും കൊലപാതകികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന കൂട്ടക്കൊലയിൽ പ്രതികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചെന്നു പോലീസ് പറയുന്പോഴും കൊലപാതകത്തിന്റെ ഭീതിയും പോലീസ് അന്വേഷണവും എല്ലാംകൂടി വണ്ണപ്പുറംകാർക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് നാലു ദിവസങ്ങളായി.
മൊബൈൽ ഫോണ് കോളുകളിൽ നിന്നുള്ള ചെറിയ വിവരങ്ങൾ പോലും കണ്ടുപിടിക്കാൻ കഴിയുന്ന അതിനൂതന സാങ്കേതിക സംവിധാനമായ സ്പെക്ട്രം ഉപയോഗിച്ച് ഇന്നലെ കൊലപാതകം നടന്ന വീട്ടിലും വണ്ണപ്പുറം , വെണ്മണി, കഞ്ഞിക്കുഴി എന്നിവിടങ്ങളിലും പോലീസ് പരിശോധന നടത്തി. മലപ്പുറം എസ്പി ഓഫീസിൽ നിന്നാണ് ഉപകരണം എത്തിച്ചത്. ജില്ലാ സൈബർ സെല്ലിന്റെ നേതൃത്വത്തിലാണ് സ്പെക്ട്രം എത്തിച്ച് പരിശോധന നടത്തിയത്.
പോലീസ് കസ്റ്റഡിയിലെടുത്തവരെ വിവിധ ഇടങ്ങളിലായി ചോദ്യം ചെയ്തു വരികയാണ്. തിരുവനന്തപുരം, നെടുങ്കണ്ടം, തൊടുപുഴ എന്നിവിടങ്ങളിൽ നിന്നും കസ്റ്റഡിയിലെടുത്തവരെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്.
അഞ്ചു പേരാണ് നിലവിൽ പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരിൽനിന്നു പല നിർണായക വിവരങ്ങളും പോലീസിനു ലഭിച്ചതായാണ് സൂചനകൾ. മൊബൈൽ ഫോണ് കോളുകൾ ശേഖരിച്ചതിൽനിന്നു വ്യക്തമായ പല വിവരങ്ങളും പോലീസിനു ലഭിച്ചു.
കൊല്ലപ്പെട്ട കൃഷ്ണൻ പലരെയും വിളിച്ച ഫോണ്കോളുകളിൽനിന്നാണ് വിലപ്പെട്ട പല വിവരങ്ങളും പോലീസിനു ലഭിച്ചത്. കൃഷ്ണൻ പല സിംകാർഡുകളും ഉപയോഗിച്ച് പലരെയും ബന്ധപ്പെട്ടിരുന്നു. ഇയാൾ വിളിച്ച നന്പരുകളിൽ ചിലത് അന്യ സംസ്ഥാനത്തുനിന്നുള്ളവരുടേതാണ്.
വണ്ണപ്പുറം മുതൽ ചേലച്ചുവട് വരെയുള്ള പത്തോളം സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ പരിശോധിച്ചത്. കൊലപാതകം നടന്നുവെന്ന് സംശയിക്കുന്ന സമയം പല വാഹനങ്ങളും ഇതു വഴി കടന്നു പോയിട്ടുണ്ട്.
ദൃശ്യങ്ങളിൽ നിന്നു ലഭിച്ച ചില വാഹനങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെ തിങ്കളാഴ്ച്ച പുലർച്ചെ 2.30ഓടെ അമിത വേഗത്തിൽ കന്പകക്കാനം-പുരയിടം സിറ്റി റോഡിലൂടെ ഒരു കാർ പാഞ്ഞുപോകുന്നതു കണ്ടതായി സമീപവാസി പറഞ്ഞു. റോഡ് തകർന്നുകിടക്കുന്നതിനാൽ വാഹനം പോയപ്പോൾ വണ്ടിയുടെ അടിവശം റോഡിൽ ഉരഞ്ഞ് ശബ്ദം കേട്ടതായും ഇയാൾ പറഞ്ഞു.
പോലീസ് കസ്റ്റഡിയിലുള്ളവർ കൃഷ്ണനുമായി അടുത്ത ബന്ധമുള്ളവരായിരുന്നുവെന്നും മന്ത്രവാദത്തിന്റെ പേരിൽ പലവിധ പണമിടപാടുകളും ഉണ്ടായിരുന്നതായും ഇവരുടെ ഫോണ് സംഭാഷണങ്ങളിൽനിന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കൊല നടന്ന വീട്ടിൽ നിന്നു ലഭിച്ച വിരലടയാളങ്ങളും ഇത്തരം സൂചനകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
സംസ്ഥാനത്തിനകത്തും പുറത്തും മാന്ത്രിക ക്രിയകളുമായി ബന്ധപ്പെട്ട് കൃഷ്ണൻ പലരെയും ബന്ധപ്പെട്ടിരുന്നു. കസ്റ്റഡിയിലുള്ളവരെ കാളിയാർ പോലീസ് സ്റ്റേഷനിലും ഇടുക്കി ജില്ലാ പോലീസ് ആസ്ഥാനത്തുമാണ് ചോദ്യം ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് നൂറിലധികം പേരെ ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു.
കൊല്ലപ്പെട്ട കുടുംബത്തെ മരണഭയം ചൂഴ്ന്നു നിന്നതായും പോലീസിനു വിവരം ലഭിച്ചു. കൃഷ്ണന്റെ വീട്ടിൽനിന്നു കണ്ടെത്തിയ ആയുധങ്ങൾ ഇതാണ് സൂചിപ്പിക്കുന്നത്. എല്ലാ വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമാണെന്നും നിർണായക ഘട്ടത്തിലാണ് എത്തി നിൽക്കുന്നതെന്നുമാണ് പോലീസ് പറയുന്നത്.
കൊലയ്ക്കു പിന്നിൽ മന്ത്രവാദം മറയാക്കിയ സാന്പത്തികതട്ടിപ്പെന്ന് സംശയം
തൊടുപുഴ: വണ്ണപ്പുറം മുണ്ടൻമുടി കൂട്ടക്കൊലയിൽ മന്ത്രവാദം മറയാക്കിയുള്ള സാന്പത്തിക തട്ടിപ്പെന്ന സംശയം ബലപ്പെടുന്നു. പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്പോൾ കസ്റ്റഡിയിലുള്ളവരിൽനിന്നു ലഭിക്കുന്ന സൂചന ഇതിലേക്കാണ്.
മുണ്ടൻമുടി കാനാട്ട് കൃഷ്ണൻ ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരെയാണ് അതിക്രൂരമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. മന്ത്രവാദത്തിലൂടെ ജീവിതം നയിച്ച കൃഷ്ണന്റെ സുഹൃത്തുക്കളിലൂടെയാണ് അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്.
തിരുവനന്തപുരത്തു പിടിയിലായ മൂന്നു പേരിൽ ഷിബുവാണെങ്കിൽ കൃഷ്ണന്റെ അടുത്ത സുഹൃത്താണെന്നും വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും വ്യക്തമാകുന്നു. കള്ളനോട്ട് കേസടക്കം നിരവധി സാന്പത്തികതട്ടിപ്പു കേസുകളിൽ ഷിബു പ്രതിയാണെന്ന് പോലീസ് പറയുന്നു. ഇയാൾ ഇടയ്ക്കിടയ്ക്ക് തൊടുപുഴയിലെത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഷിബുവിനെ കേന്ദ്രീകരിച്ചാണ് കേസന്വേഷണം ഇപ്പോൾ മുന്നോട്ട് പോകുന്നത്.
കഴിഞ്ഞ ദിവസം പിടിയിലായ നെടുങ്കണ്ടം സ്വദേശിയുടെ മൊഴി പ്രകാരമാണ് ഷിബു അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതു കൂടാതെ ബിസിനസ് ചീഫിന് നൽകാനാണ് പണമെന്നും തിരുവനന്തപുരത്തുള്ള ചീഫിന് പണം നൽകിയാൽ പ്രശസ്തനാകുമെന്നും ഷിബു ഫോണ് സംഭാഷണത്തിൽ സുഹൃത്തിനോട് പറഞ്ഞുവെന്ന് റിപ്പോർട്ടുകളുണ്ട്.
കൃഷ്ണനും കുടുംബവുമായി പരിചയമുള്ള അഞ്ചോ ആറോ പേർ ചേർന്ന സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. കൊലപാതകത്തിന് ശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന നാൽപ്പതു പവനോളം സ്വർണവും കൊണ്ടാണ് സംഘം കടന്നു കളഞ്ഞത്.
ആഭിചാരക്രിയകൾ
കൊല്ലപ്പെട്ട കൃഷ്ണൻ ആഭിചാരക്രിയകൾ ചെയ്യുകയും നിധി കണ്ടെത്തി തരാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പൂജയുടെ പേരിൽ പണം വാങ്ങിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിധി കണ്ടെത്തിത്തരാമെന്ന് വാഗ്ദാനം ചെയ്ത് കൃഷ്ണൻ പലയിടങ്ങളിലും പോയി മന്ത്രവാദം നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന സൂചനയും വെളിയിൽ വരുന്നു. നിധി കണ്ടെത്തുന്നതിന് ആഭിചാര ക്രിയകൾ ചെയ്യാൻ ഇയാൾ തമിഴ്നാട്ടിൽ സ്ഥിരമായി പോയിരുന്നു.
നിരവധിയാളുകൾ പൂജകൾക്കായി തൊടുപുഴയിലെ വീട്ടിൽ എത്തിയിരുന്നുവെങ്കിലും തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഓഡി കാറിൽ ഒരാൾ പതിവായി എത്തിയിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.കൃഷ്ണനൊപ്പം പ്രവർത്തിച്ചിരുന്ന മൂന്നു മന്ത്രവാദികളെ കഴിഞ്ഞ ദിവസം പൊലീസ് വിളിച്ചുവരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ഇവരിൽ നിന്നാണ് ആഭിചാരക്രിയകൾക്കായി പുറത്തുനിന്നെത്തുന്ന ആളുകളെക്കുറിച്ചു വിവരങ്ങൾ ലഭിച്ചത്.
നിധിയുടെ പേരിൽ?
നിധിയുടെ പേരിൽ ചിലർ കൃഷ്ണന്റെ വീട്ടിൽ എത്തിയിരുന്നതായും കണ്ടെത്തി. തിരുവനന്തപുരത്തു പിടിയിലായ ഷിബുവിന്റെ ശബ്ദരേഖ പുറത്തു വന്നു കഴിഞ്ഞു. ഇതു കൊലപാതകത്തിലേക്കാണ് വിരൽചൂണ്ടുന്നത്. സുഹൃത്തിനോട് അരലക്ഷം രൂപ ചോദിക്കുന്നുണ്ട്. ബിസിനസ് ചീഫിന് നൽകാനാണ് പണമെന്നും സുഹൃത്തിനോട് ഷിബു പറയുന്നുണ്ട്.
ഇത്തരത്തിൽ വിവരങ്ങൾ ലഭിച്ചതോടെ മന്ത്രവാദത്തിന്റെയും നിധിയുടെയും പേരിൽ നടന്ന ഇടപാടുകളെ തുടർന്നാണ് കൊലപാതകം നടന്നതെന്ന സൂചനകളിൽ അന്വേഷണം തുടരുകയാണ് പോലീസ്. നാഗമാണിക്യം, വെള്ളിമൂങ്ങ, ഇരുതലമൂരി എന്നിവ നൽകാമെന്ന് വിശ്വസിപ്പിച്ച് വിദേശികളടക്കം നിരവധിപ്പേരെ തമിഴ്നാട് സംഘം കബളിപ്പിച്ചിട്ടുള്ളതായ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഈ സംഘവുമായി കസ്റ്റഡിയിലുള്ളയാൾക്ക് ഇടപാടുകൾ ഉണ്ടായിരുന്നിരിക്കാമെന്നും ഇവരെ കൃഷ്ണന് പരിചയപ്പെടുത്തിയത് ഇയാളായിരിക്കാമെന്നുമാണ് പോലീസിന്റെ കണക്കുകൂട്ടൽ. പണം മുൻകൂർ കൈപ്പറ്റുകയും പറഞ്ഞ സമയത്ത് ഇത് നൽകാതിരുന്നതിനാലും പണം മുടക്കിയവർ നൽകിയ ക്വട്ടേഷൻ പ്രകാരമായിരിക്കാം അക്രമികൾ കൃഷ്ണനെയും കുടുംബത്തെയും വകവരുത്തിയതെന്ന സംശയവും ഉയർന്നിട്ടുണ്ട്.