വണ്ണപ്പുറം: അപൂർവ സൗന്ദര്യത്തിന്റെ മനംമയക്കുന്ന ചേതോഹരമായ കാഴ്ചകളുമായി കോട്ടപ്പാറ സഞ്ചാരികളെ മാടി വിളിക്കുന്നു. വണ്ണപ്പുറം – മുള്ളരിങ്ങാട് റൂട്ടിൽ മൂന്നു കിലോ മീറ്റർ സഞ്ചരിച്ചാൽ കോട്ടപ്പാറയായി. ഇവിടെയെത്തിയാൽ മഞ്ഞിന്റെ വസന്തം നമ്മെ വിരുന്നൂട്ടും. മരം കോച്ചുന്ന തണുപ്പും ഇളം തെന്നലുമുണ്ടിവിടെ.
ഇവിടെനിന്നുള്ള സൂരോദ്യയ – അസ്തമയ ദൃശ്യങ്ങൾ കണ്കുളിർക്കെ കണ്ടാസ്വാദിക്കാൻ എത്തുന്നവർ ഏറെയാണ്. പുലർച്ചെ മൂന്നു മുതലാണ് സമീപജില്ലകളിൽ നിന്നുപോലും മഞ്ഞിന്റെ ദൃശ്യഭംഗി കാണാൻ സഞ്ചാരികൾ കോട്ടപ്പാറയിൽ എത്തുന്നത്. കോട്ടപ്പാറ കുരിശുപള്ളിക്കു സമീപത്തുനിന്നും ഏകദേശം ഒന്നര കിലോമീറ്റർ ദൂരം നടന്നാൽ ഇവിടെയെത്താം. എന്നാൽ സ്വകാര്യ വ്യക്തികളുടെ ഭൂമിയിലൂടെ മാത്രമേ സഞ്ചാരികൾക്ക് ഇവിടെയെത്താൻ സാധിക്കൂ.
തിരക്ക് ക്രമാതീതമായി ഉയരുന്ന സമയങ്ങളിൽ പോലീസിന്റെ ഇടപെടൽ മൂലമാണ് തിരക്ക് നിയന്ത്രിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ ജില്ലയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി കോട്ടപ്പാറയെ മാറ്റിയെടുക്കാൻ സാധിക്കുമെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ തൊമ്മൻകുത്തിനേക്കാൾ സഞ്ചാരികൾക്ക് പ്രിയം കോട്ടപ്പാറയാണ്. എന്നാൽ വണ്ണപ്പുറം – മുണ്ടൻമുടി റോഡ് തകർന്ന് തരിപ്പണമായിക്കിടക്കുന്നത് സഞ്ചാരികളെ ഏറെ വലയ്ക്കുന്നു.
ഇതുമൂലം ബസുകൾ സർവീസ് പോലും നിർത്തിവച്ചിരിക്കുകയാണ്. റോഡരികിൽ വഴിവിളക്കുകൾ സ്ഥാപിക്കാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. അടുത്തിടെ ഒരു ചായക്കട കോട്ടപ്പാറയിൽ ആരംഭിച്ചത് മാത്രമാണ് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് അൽപമെങ്കിലും ആശ്വാസം പകരുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലിന്റെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ കോട്ടപ്പാറയ്ക്ക് ടൂറിസം വികസന രംഗത്ത് അനന്ത സാധ്യതയാണുള്ളത്.