വണ്ണപ്പുറം: ഹർത്താൽ ആഘോഷിക്കാൻ ഷാപ്പ് കുത്തിത്തുറന്ന് കള്ളും കപ്പയും കറിയും അകത്താക്കിയ കള്ളൻമാർക്കായി കാളിയാർ പോലീസ് അന്വേഷണമാരംഭിച്ചു. കള്ളടിച്ച് മയങ്ങിപ്പോയ കവർച്ചക്കാർ ഷാപ്പിലെ പണവും മോഷ്ടിച്ചു.
പുലർച്ചെ ഷാപ്പിന്റെ പരസരത്തു നിന്നും സംശയാസ്പദമായി ഇവരെ കണ്ട ചില നാട്ടുകാർ മോഷ്ടാക്കളക്കുറിച്ച് പോലീസിനു വിവരവും നൽകി. വണ്ണപ്പുറത്തിനു സമീപം പച്ചിലയിൽ പ്രവർത്തിക്കുന്ന ഷാപ്പിലാണ് സമൂഹ്യവിരുദ്ധരായ മോഷ്ടാക്കളുടെ കടന്നു കയറ്റമുണ്ടായത്.
ഹർത്താൽ ദിനമായ ഇന്നലെ രാവിലെ ഒന്പതരയോടെ ഷാപ്പ് തുറക്കാനായി ജീവനക്കാർ വന്നപ്പോൾ ഇന്ന് ഹർത്താലായിതാൻ് ഷാപ്പ് തുറക്കുവാൻ അനുവദിക്കില്ലായെന്ന് പറഞ്ഞ് ചിലർ ഷാപ്പ് തുറക്കുന്നത് തടസപ്പെടുത്തി. തുടർന്ന് ഷാപ്പ് ജീവനക്കാർ തിരിച്ചു പോയി.
വൈകിട്ട് ആറിനു ശേഷം ജീവനക്കാർ വീണ്ടും ഷാപ്പ് തുറക്കാനായി വന്നപ്പോൾ ഹർത്താലിന്റെ സമയം കഴിഞ്ഞില്ലായെന്ന് പറഞ്ഞ് ഇവർ തന്നെ വീണ്ടും ഷാപ്പ് അടപ്പിച്ചു. ഇതോടെ ജീവനക്കാർ വീണ്ടും മടങ്ങിപോയി. ഇന്ന് രാവിലെ ഷാപ്പ് തുറക്കാനായി ജീവനക്കാരൻ വന്നപ്പോൾ ഷാപ്പ് തുറന്നു കിടക്കുന്നതായി ശ്രദ്ധയിൽ പെട്ടു.
ഷാപ്പിനുള്ളിലെ സാധനങ്ങളും നശിപ്പിച്ച നിലയിലായിരുന്നു. ഉടൻ തന്നെ ഷാപ്പ് മാനേജരെ വിവരമറിയിച്ചു. ഇവർ എത്തി നടത്തിയ പരിശോധനയിൽ കള്ള് മറിച്ചു കളയുകയും ആഹാര പദാർത്ഥങ്ങൾ നശിപ്പിക്കുകയും കുറെ കുടിക്കുകയും ചെയ്തതായി ബോധ്യപ്പെട്ടു. കൂടാതെ 15000 രൂപയോളം ഇവിടെ നിന്നും മോഷ്ടിക്കുകയും ചെയ്തതായി ഷാപ്പ് നടത്തിപ്പുകാരൻ പറഞ്ഞു.
സമീപവാസികളോട് ഇവർ അന്വേഷിച്ചപ്പോൾ രാത്രി ഒന്പതിനു ശേഷം ഷാപ്പിന്റെ സമീപത്തു നിന്ന് ശബ്ദം കേട്ടതായും രാവിലെ വെണ്മറ്റം കവലയിലെ കടതിണ്ണയിൽ സംശയാസ്പദമായ രീതിയിൽ രണ്ട് പേർ കിടന്നു ഉറങ്ങുന്നത് കണ്ടതായും ജീവനക്കാരോട് പറഞ്ഞു. ഷാപ്പ് നടത്തിപ്പുകാർ കാളിയാർ സി.ഐ ടി. എ.യൂനസിന് നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.