തൊടുപുഴ: വണ്ണപ്പുറം മുണ്ടൻമുടി കന്പകക്കാനം കാനാട്ട് കൃഷ്ണൻ ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പേർ അറസ്റ്റിലാകും. പ്രതികളെ സഹായിച്ച രണ്ടു പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. മൂവാറ്റുപുഴ വെള്ളൂർക്കുന്നം പട്ടരുമഠത്തിൽ സനീഷ് (30) , തൊടുപുഴ ആനക്കൂട് ചാത്തൻമല ഇലവുങ്കൽ ശ്യാം പ്രസാദ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നാലു പേർ പിടിയിലായി.
കേസിലെ മുഖ്യപ്രതിയായ അടിമാലി കൊരങ്ങാട്ടി തേവർകുഴിയിൽ അനീഷ്, ഇയാൾക്കൊപ്പം കൊലപാതകത്തിൽ പങ്കാളിയായ തൊടുപുഴ കീരികോട് സാലിഭവനിൽ ലിബീഷ് എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.ലിബീഷിന്റെ സുഹൃത്തുക്കളാണ് ഇപ്പോൾ അറസ്റ്റിലായ പ്രതികൾ. ഇനി അനീഷിന്റെ സുഹൃത്ത് കൃഷ്ണകുമാർ അടിമാലി സ്വദേശിയായ പൂജാരി എന്നിവരെ പോലീസ് തിരയുകയാണ്.
ഇവർ ഉടൻ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്തവരുൾപ്പെടെ കേസിൽ പ്രതികളാകും. കൊല നടത്തിയതിനു ശേഷം കൃഷ്ണന്റെ വീട്ടിൽ നിന്നും അനീഷും ലിബീഷും ചേർന്ന് കവർച്ച ചെയ്ത സ്വർണം സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വയ്ക്കാൻ സഹായിച്ചയാളാണ് സനീഷ്. പണയം വയ്ക്കാൻ സഹായിട്ടതിന് പ്രതിഫലമായി 15000 രൂപയും നൽകി. 19.400 ഗ്രാം സ്വർണം സനീഷിന്റെ സഹായത്തോടെ ലിബീഷ് ഇടുക്കി റോഡിലെ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ചിരുന്നു. ഇതും 25000 രൂപയും പോലീസ് കണ്ടെടുത്തിരുന്നു.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കുഴിയിൽ മൂടുന്നതിനായി കൈയിൽ ധരിക്കുന്ന ഗ്ലൗസ് വാങ്ങാൻ സഹായിച്ചയാളാണ് ശ്യാംപ്രസാദ്. പ്രതികൾ ഇരുവരും ചേർന്ന് കൂട്ടക്കൊല നടത്തിയതിനു ശേഷമാണ് ഗ്ലൗസ് വാങ്ങാനായി ശ്യാംപ്രസാദിനെ സമീപിച്ചത്. കൃഷ്ണനെയും കുടുംബത്തെയും കൊലപ്പടുത്തി വീട്ടിൽ ഇട്ടിരിക്കുന്ന വിവരം അറിഞ്ഞിട്ടും പുറത്തുപറയാതിരുന്നതിനും കൊലയാളികളെ സഹായിച്ചതിനുമാണ് ഇയാളെ അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. തൊടുപുഴയിൽ ബൈക്ക് മെക്കാനിക്കാണ് ശ്യാംപ്രസാദ്.
പ്രതികളായ അനീഷിനെയും ലിബീഷിനെയും ഇന്നലെ ഉച്ചകഴിഞ്ഞ് ഡിവൈഎസ്പി കെ.പി.ജോസിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പിനെത്തിച്ചു. കൊരങ്ങാട്ടിയിലെ അനീഷിന്റെ വീട്ടിൽ പ്രതികളെ എത്തിച്ച് തെളിവെടുത്തു. കൃഷ്ണന്റെ വീട്ടിൽ നിന്നും അനീഷ് കൈവശപ്പെടുത്തിയ താളിയോലകൾ ഇവിടെ നിന്നും കണ്ടെടുത്തു. കൂടാതെ കവർച്ച ചെയത സ്വർണത്തിന്റെ ഒരു ഭാഗവും കണ്ടെത്തി.
കൃഷ്ണനെയും കുടുംബത്തെയും കൊലപ്പെടുത്തിയതിനു ശേഷം പോലീസ് പിടിയിലാകാതിരിക്കാൻ പ്രതികൾ കോഴിയെ കുരുതി കൊടുത്തത് ഇവിടെയായിരുന്നു. ഇതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. ഇതിനു ശേഷം കന്പകക്കാനത്ത് കൊല നടത്തിയ വീട്ടിൽ പ്രതികളെ എത്തിച്ചു. ഇവിടെ കൊല നടത്തിയതും പിന്നീട് മൃതദേഹങ്ങൾ വലിച്ചിഴച്ച് കുഴിയിലിട്ടു മൂടിയതുമായ കാര്യങ്ങൾ പ്രതികൾ പോലീസിനോട് വിശദീകരിച്ചു.
പിന്നീട് പണമിടപാട് സ്ഥാപനത്തിലും അന്പലം ബൈപ്പാസിലെ പൂജാസാധനങ്ങൾ വിൽക്കുന്ന കടയിലും എത്തിച്ച് തെളിവെടുത്തു. അറസ്റ്റു ചെയ്ത സുധീഷിനെയും ശ്യാംപ്രസാദ് എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ് 29നാണ് കൃഷ്ണനെയും കുടുംബത്തെയും അനീഷും ലിബീഷും ചേർന്ന് കൊലപ്പെടുത്തി വീടിനു സമീപത്ത് കുഴിച്ചുമൂടിയത്.