ഇടുക്കി വണ്ണപ്പുറം കമ്പക്കാനത്ത് നടന്ന കൂട്ടക്കൊലപാതകവും ഒരുമാസം മുമ്പ് സീരിയല്‍ നടി അറസ്റ്റിലായ കള്ളനോട്ട് കേസുമായി ബന്ധമുണ്ടെന്ന് സൂചന. ഇപ്പോള്‍ സംഭവം നടന്ന വണ്ണപ്പുറത്തു നിന്നും അത്രയൊന്നും അധികം അകലെയല്ലാത്ത അണക്കരയില്‍ നിന്നാണ് സീരിയല്‍ നടിയുടെ സംഘത്തിലുള്ളവരെ പോലീസ് പൊക്കിയത്. പിന്നീട് കൊല്ലത്തെ വീട്ടില്‍ നിന്ന് സീരിയല്‍ നടിയെയും സഹോദരിയെയും ഒപ്പം അമ്മയെയും പിടികൂടിയിരുന്നു. ഇവരുടെ സംഘത്തിലുള്ള രവീന്ദ്രനുമായി കൊച ചെയ്യപ്പെട്ട കൃഷ്ണന് ബന്ധപ്പെട്ടിരുന്നതായി സൂചനകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.
കൃഷ്ണനെയും കുടുംബത്തെയും കൊലപ്പെടുത്തിയ മുഖ്യപ്രതി അനീഷ് ഇപ്പോഴും ഒളിവിലാണ്. ഇയാളെ സഹായിക്കുന്നത് ഈ സംഘമാണോ എന്ന് സംശയിക്കുന്നതായും പോലീസ് പറയുന്നു. കൊല്ലപ്പെട്ട കൃഷ്ണനും മുഖ്യപ്രതി അനീഷും റൈസ് പുള്ളര്‍ തട്ടിപ്പ് സംഘത്തിലെ കണ്ണികളായിരുന്നു. ഇടുക്കി കള്ളനോട്ട് കേസില്‍ അറസ്റ്റിലായ രവീന്ദ്രനായിരുന്നു റൈസ് പുള്ളര്‍ തട്ടിപ്പിലെ കേരളത്തിലെ പ്രധാനി. രവീന്ദ്രനുമായി കൃഷ്ണനും അനീഷും ബന്ധപ്പെട്ടിരുന്നതായാണ് സൂചന. തട്ടിപ്പ് സംഘം വ്യാപകമായി കള്ളനോട്ട് ഉപയോഗിച്ചിരുന്നു. കൃഷ്ണന് അടുത്തിടെ സാമ്പത്തികമായി വലിയ നിലയിലായത് ഇത്തരം കള്ളനോട്ട് സംഘത്തിന്റെ കൂടെ കൂടിയതിനു ശേഷമാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം പിടികിട്ടാനുള്ള അനീഷ് അടിമാലി, മാങ്കുളം മേഖലകളില്‍ ഒളിവില്‍ കഴിയുന്നതായാണ് വിവരം. അടിമാലിയില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള മാങ്കുളം അവികസിത പ്രദേശമാണ്. ഇവിടെ റോഡു സൈഡില്‍ നിന്ന് അകത്തേക്ക് പോയാല്‍ പോലീസിനു പോലും എത്തിപ്പെടാന്‍ പറ്റാത്ത സ്ഥലങ്ങളാണ്. അതിനിടെ സീരിയല്‍ നടിയെയും പീരുമേട് സബ്ജയിലില്‍ കഴിയുന്ന രവീന്ദ്രനെയും ചോദ്യം ചെയ്യാന്‍ പോലീസിന് പദ്ധതിയുണ്ട്.