തൊടുപുഴ: വണ്ണപ്പുറം കന്പകക്കാനം കാനാട്ട് കൃഷ്ണൻ ഭാര്യ സുശീല, മക്കളായ ആർഷ, അർജുൻ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളായ അടിമാലി കൊരങ്ങാട്ടി തേവർകുഴിയിൽ അനീഷ്, സഹായി തൊടുപുഴ കീരികോട് സാലിഭവനിൽ ലിബീഷ് എന്നിവർ അറസ്റ്റിലായെങ്കിലും പോലീസ് കുടുതൽ അന്വേഷണത്തിനായി തയാറെടുക്കുന്നു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് പോലീസിനു സൂചന ലഭിച്ചതിന്റെ സാഹചര്യത്തിലാണ് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്.
തങ്ങൾ ഇരുവരും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും മറ്റാരും കൃത്യത്തിൽ പങ്കാളിയായിട്ടില്ലെന്നുമാണ് അനീഷും ലിബീഷും പോലീസിനോട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇവരെ ചോദ്യം ചെയ്തതോടെ കൂടുതൽ പേരുടെ പങ്കാളിത്തം വെളിവാകുന്ന സൂചനകൾ പോലീസിനു ലഭിച്ചിരുന്നു. കൊലക്കും ആരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സംശയം.
ആദ്യഘട്ടത്തിൽ ഇവർ മാത്രമാണ് കൂട്ടക്കൊലപാതകം നടത്തി മൃതദേഹങ്ങൾ കുഴിച്ചു മൂടിയതെന്നാണ് പോലീസും പറഞ്ഞിരുന്നത്. എന്നാൽ മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നടത്തിയപ്പോൾ കൂടുതൽ ആളുകൾ ചേർന്നു മാത്രമേ ഇത്തരത്തിൽ മാരകമായി മുറിവുകളേൽപ്പിച്ച് കൊലപാതകം നടത്താനാവു എന്ന് വ്യക്തമാക്കിയിരുന്നു. ഇതു കൂടാതെ കൃഷ്ണന്റെ ഭാര്യ സുശീലയുടെ ബന്ധുക്കളും ഇതേ സംശയം പ്രകടിപ്പിച്ചിരുന്നു. കൂടുതൽ ആളുകൾ ചേർന്നാണ് കൂട്ടക്കൊല നടത്തിയെതെന്ന ഇവരുടെ സംശയം പോലീസിനോട് വ്യക്തമാക്കിയിരുന്നു.
കൊലയ്ക്കു ശേഷം അടിമാലിയിലെ വീട്ടിൽ കോഴിയെ കുരുതി കൊടുത്ത് പൂജ നടത്തിയ മന്ത്രവാദി, ലിബീഷിനൊപ്പം കളവു സ്വർണം പണയം വയ്ക്കാൻ സഹായിച്ചയാൾ, അനീഷിനെ ഒളിവിൽ കഴിയാൻ സഹായിച്ച സുഹൃത്ത് എന്നിവരെയും പോലീസ് കേസിൽ പ്രതികളാക്കും. അടുത്ത ദിവസം തന്നെ ഇവര് കസ്റ്റഡിയിലെടുക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. എന്നാൽ നാലംഗ കുടുംബത്തെ ഇവർ ഇരുവരും മാത്രം ചേർന്ന കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന വിവരത്തിലാണ് ഇനിയും ദുരൂഹതകൾ ബാക്കി നിൽക്കുന്നത്. പോലീസിനു പോലും ഇക്കാര്യം വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞിട്ടില്ല.
നൂറു കിലോയോളം തൂക്കം വരുന്ന കൃഷ്ണനെയും ആരോഗദൃഢഗാത്രയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്ന സുശീലയെയും മക്കളെയും ഉൾപ്പടെ നാലു പേരെ കൊന്നു കുഴിച്ചു മൂടാൻ പൊതുവെ ആരോഗ്യം കുറഞ്ഞ അനീഷിനും ലിബീഷിനും സാധിക്കുമോ എന്നതാണ് ഇക്കാര്യത്തിൽ തെളിയിക്കപ്പെടേണ്ട പ്രധാന കാര്യം.
കൃഷ്ണന്റെ മുണ്ട് ഉപയോഗിച്ച് മൃതദേഹങ്ങൾ കെട്ടിവലിച്ചാണ് മൃതദേഹങ്ങൾ അടക്കം ചെയ്യാൻ കുഴിക്കരികിലേക്ക് എത്തിച്ചതെന്നാണ് അനീഷ് പോലീസിനോട് വെളിപ്പെടുത്തിയത്. ഇരുവരും ചേർന്നാൽ പോലും കൃഷ്ണന്റെ മൃതദേഹം കെട്ടിവലിച്ച് കുഴിക്കരികിലേക്ക് എത്തിക്കുക അത്ര എളുപ്പമല്ല. മൂന്നരയടിയളം താഴ്ചയിലുള്ള കുഴിയിലാണ് മൃതദേഹങ്ങൾ കുഴിച്ചു മൂടിയിരുന്നത്.
എന്നാൽ മരിച്ച 24 മണിക്കൂർ പിന്നിട്ട മൃതദേഹങ്ങൾ ശരീരഭാഗങ്ങൾ ഒടിച്ചു മടക്കി ഇതിൽ താഴ്ത്തി മണ്ണിട്ടു മൂടുകയെന്നതും അവിശ്വസനീയം. ഇത്തരം കാര്യങ്ങളിലെല്ലാം വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് അടുത്ത് ഘട്ടം അന്വേഷണത്തിലൂടെ പോലീസ്. കൂടാതെ മന്ത്രവാദത്തിലൂടെയും മറ്റും കൃഷ്ണൻ സന്പാദിച്ച പണം എവിടെയെന്നതിനെക്കുറിച്ചും അന്വേഷണം നടത്തും.