വണ്ണപ്പുറം: നാലംഗ കുടുംബത്തെ ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. മുണ്ടന്മുടി കമ്പകക്കാനം കാനാട്ട് കൃഷ്ണന് (52) ഭാര്യ സുശീല(50), മകള്‍ ആര്‍ഷ (21), മകന് അര്ജുന്(18) എന്നിവരെയാണ് മൃഗീയമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ചുറ്റികയ്ക്ക് തലക്കടിച്ചും കത്തിയ്ക്് കുത്തിയും കൊന്നശേഷം കുഴിച്ചുമൂടുകയായിരുന്നു.
സംഭവത്തില്‍ പോലീസിനു കാര്യമായ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. കൃഷ്ണന്റെ സഹോദരന്മാരുള്പ്പെടെ ഏതാനും പേരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്കുന്ന തൊടുപുഴ ഡിവൈഎസ്പി കെ.പി.ജോസ് പറഞ്ഞു. കാളിയാര്‍ പോലീസ് സ്റ്റേഷനില്‍ ഇന്ന് രാവിലെ പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നിരുന്നു.
എറണാകുളം റേഞ്ച് ഐജി വിജയ് സാഖറെ ഇന്നലെ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.മന്ത്രവാദവും പൂജകളും നടത്തിയിരുന്ന ആളായിരുന്നു കൃഷ്ണന്. ഇതിനായി എത്തുന്നവരില്‍ നിന്നും വലിയ തുക ഫീസായി വാങ്ങുകയും ചെയ്തിരുന്നു. ആഡംബരകാറുകളിലും മറ്റുമാണ് ഇവിടെ ഇടപാടുകള്‍ക്കായി ആളുകള്‍ എത്തിയിരുന്നതെന്ന് നാട്ടുകാര്‍ പോലീസിനു വിവരം നല്‍കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളും പോലീസ അന്വേഷിക്കുന്നുണ്ട്.
ഇന്നലെ രാവിലെയാണ് കൃഷ്ണന്റെയും ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ വീടിന് പിന്നില്‍ നാലടി താഴ്ചയും രണ്ട് അടിയോളം വീതിയുമുള്ള കുഴിയില്‍ പോലീസ് പരിശോധനയില്‍ കണ്ടെത്തിയത്. ഒന്നിന് മീതേ ഒന്നായിട്ടാണ് നാലു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. അയല്‍ വീട്ടില്‍ നിന്നും കൃഷ്ണന് പാല് വാങ്ങിയിരുന്നു. ഞായറാഴ്ച വരെ രാവിലെയും വൈകുന്നേരവും പാല് വാങ്ങിയിരുന്നു.
തിങ്കളാഴ്ച മുതല്‍ പാല് വാങ്ങാന്‍ എത്താത്തതിനെത്തുടര്‍ന്ന് ഈ വീട്ടുകാര്‍ ഇന്നലെ കൃഷ്ണന്റെ വീട്ടിലെത്തി അന്വേഷിച്ചപ്പോള്‍ വാതില്‍ അടച്ചിട്ടിരിക്കുന്നതായി കണ്ടു. തുടര്‍ന്ന് സഹോദരന്മാരായ ശശാങ്കന്, യജ്ഞേശന്‍, വിജയന് എന്നിവരെ വിവരം അറിയിച്ചു. ഇവരും ജലനിധി മേഖല പ്രസിഡന്റ് ജേക്കബ് കുര്യന് കൊച്ചിടിവാരവും അയല്‍വാസികളായ സണ്ണി കളരിയ്ക്കല്‍, സജി മുളങ്ങാശേരി എന്നിവര്‍ ചേര്‍ന്ന് പിന്‍വാതിലൂടെ നോക്കിയപ്പോള്‍ മുറിയില്‍ രക്തം തളം കെട്ടിക്കിടക്കുന്നത് കണ്ടു.
തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. കാളിയാര്‍ പോലീസ് എത്തി പരിശോധന നടത്തുന്നതിനിടെ വീടിന് പിന്നില്‍ കുഴി മൂടിയ നിലയില്‍ കാണപ്പെട്ടത് സംശയങ്ങള്‍ക്ക് ഇടനല്കി. തുടര്‍ന്ന് ഇടുക്കി ജില്ലാ പോലീസ് ചീഫ് കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി കുഴി തുറന്ന് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.
ഏറ്റവും മുകളില്‍ അര്ജുന് തൊട്ടുതാഴെ ആര്‍ഷ, താഴെ സുശീല, ഏറ്റവും അടിയിലായി കൃഷ്ണന് എന്നിങ്ങനെയാണ് മൃതദേഹം കാണപ്പെട്ടത്. തൊടുപുഴ തഹസീല്‍ദാര്‍ വിനോദ്രാജിന്റെ സാന്നിധ്യത്തിലാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
പോസ്റ്റ്മോർട്ടം തുടങ്ങി
കോട്ടയം: കൊലപ്പെടുത്തിയശേഷം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയവരുടെ പോസ്റ്റുമോർട്ടം നടപടികൾ കോട്ടയം മെഡിക്കൽ കോളജിൽ ആരംഭിച്ചു. തൊടുപുഴ വണ്ണപ്പുറം മുണ്ടൻമുടി കന്പകക്കാനം കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, മക്കളായ ആർഷ, അർജുൻ എന്നിവരുടെ പോസ്റ്റുമോർട്ടം നടപടികളാണു ഇന്നു രാവിലെ 9.30നു ആരംഭിച്ചത്.