വണ്ണപ്പുറം: കഴിഞ്ഞ പ്രളയത്തിന്റെ ദുരിതക്കയത്തിൽ നിന്ന് കരകയറാനാകാതെ നിരവധി കുടുംബങ്ങൾ ഇപ്പോഴും ഭീതിയിൽ കഴിയുന്നു. കഴിഞ്ഞ ദിവസങ്ങളിലെ കാലവർഷത്തിൽ ഇവരൊക്കെയും ഭീതിയോടെയാണ് കഴിഞ്ഞത്. ഏതു സമയവും അപകടം വന്നെത്തിയേക്കാവുന്ന നിലയിലാണ് ഇവരുടെ പല വീടുകളും. വണ്ണപ്പുറം പഞ്ചായത്തിൽ കള്ളിപ്പാറ ഭാഗത്തു താമസിക്കുന്ന ചെറ്റകാരിക്കൽ മോളി ബേബിയുടെ വീട് ഇപ്പോഴും അപകടാവസ്ഥയിലാണ്.
2018 ഓഗസ്റ്റ് 15ന് ഉണ്ടായ ഉരുൾപൊട്ടലിൽ ഇവരുടെ വീടിന്റെ മുൻഭാഗത്തുള്ള മണ്ണ് ഇടിഞ്ഞു താഴുകയും വീട് ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലുമായി. ഭൂമിയിൽ വിള്ളലുകളും രൂപപ്പെട്ടു. അപകടാവസ്ഥ മുൻ നിർത്തി അന്ന് മാറി താമസിച്ചിരുന്നു. മഴ മാറിയതിനു ശേഷം ഇവർ ഇതേ വീട്ടിൽ താമസിച്ചെങ്കിലും വീടിന്റെ അപകടാവസ്ഥ ചൂണ്ടിക്കാണിച്ച് നാട്ടുകാരും ബന്ധുക്കളും ഇവിടെ നിന്ന് മാറി താമസിക്കുവാൻ ആവശ്യപ്പെടുകയായിരുന്നു.
അന്നുണ്ടായ ഉരുൾപൊട്ടലിന് ശേഷം പിന്നീടും വീടിന്റെ പിന്നിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും ചെയ്തിരുന്നു. ഉരുൾപൊട്ടലിൽ തൊഴുത്തും ബാത്റൂമും പൂർണമായും തകർന്നു പോയി. ഉരുൾപൊട്ടലിലുണ്ടായ നാശവുമായി ബന്ധപ്പെട്ട് കൃഷിവകുപ്പിലും പഞ്ചായത്തിലും വില്ലേജിലും പരാതി നൽകിയിരുന്നെങ്കിലും വളരെ ചെറിയൊരു തുക മാത്രമാണ് നഷ്ടപരിഹാരമായി ലഭിച്ചത്.
ഇവരുടെ വരുമാനമാർഗമായ കൃഷി പൂർണമായും നശിച്ചിരുന്നു. വിധവയായ മോളി ഇന്ന് വാടകവീട്ടിലാണ് കഴിഞ്ഞുകൂടുന്നത്. സമാന രീതിയിലുള്ള പലരും ഇപ്പോഴും വാടക വീടുകളിലും മറ്റും കഴിയുന്നുണ്ട്. വീടുകളിലേക്ക് തിരികെ പോകാനാകാതെ കഴിയുന്ന ഈ കുടുംബങ്ങൾക്ക് സർക്കാർ ഭാഗത്തു നിന്നും ലഭിച്ച സഹായം നാമമാത്രമായിരുന്നു. കൃഷിയും കൂടി നശിച്ചതോടെ പല കുടുംബങ്ങളുടെയും ഭാവിയും ഇരുളടഞ്ഞു.