ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ കച്ചകെട്ടിയിറങ്ങുമ്പോള്‍ മറുവശത്ത് മനസാക്ഷിയെ ഞെട്ടിച്ച കേസിലെ പ്രതികള്‍ പോലും രക്ഷപ്പെടുന്ന കാഴ്ച്ചകള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. പ്രമാദമായ ഇടുക്കി വണ്ണപ്പുറം കാമ്പക്കാനത്തെ കൂട്ടക്കൊല കേസില്‍ ജയിലിലായിരുന്ന രണ്ടാംപ്രതിയാണ് പോലീസിന്റെ ഒത്തുകളിയില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
കേസിലെ രണ്ടാം പ്രതി തൊടുപുഴ കീരിക്കോട് സാലി ഹൗസില്‍ ലിബീഷ്ബാബു (28)വിനാണ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കൊലപാതകം നടന്ന് മൂന്നു മാസം പിന്നിട്ടിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് രണ്ടാം പ്രതിക്ക് ജാമ്യം ലഭിച്ചത്. സാധാരണ മൂന്നു മാസത്തിനുള്ളില്‍ കുറ്റപത്രം ലഭിച്ചില്ലെങ്കില്‍ കസ്റ്റഡിയിലുള്ള പ്രതി എത്രവലിയ കുറ്റം ചെയ്ത ആളാണെങ്കിലും കോടതി ജാമ്യം നല്‍കും. ഇതൊന്നുമറിയാത്തവരല്ല പോലീസ് തലപ്പത്തുള്ളവര്‍.
കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയ പരിശോധനഫലങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ലഭിക്കാത്തതാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇതില്‍ കഴപ്പില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ജൂലൈ 29നായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. മുണ്ടന്മുടി കമ്പകക്കാനം കാനാട്ട് കൃഷ്ണന് (52), ഭാര്യ സുശീല (50), മകള്‍ ആര്‍ഷ (21) , മകന് അര്ജുന് (18) എന്നിവരെയാണ് കൊലപ്പെടുത്തി വീടിനു സമീപം കുഴിച്ചു മൂടിയത്.
കേസില്‍ ഒന്നാം പ്രതി അടിമാലി കൊരങ്ങാട്ടി തേവര്‍കുടിയില്‍ അനീഷ് (30) റിമാന്‍ഡിലാണ്. ഇയാള്‍ ഇപ്പോള്‍ തൃശൂരിലെ മനോദൗര്ബല്യകേന്ദ്രത്തില് ചികില്‍സയിലാണ്. പ്രതികള്‍ കൊലപാതകത്തിനു ശേഷം കവര്‍ന്ന സ്വര്‍ണം വില്‍ക്കാനും മറ്റും സഹായിച്ച മൂന്നും നാലും പ്രതികളായ തൊടുപഴ ആനക്കൂട് ചാത്തന്മല ഇലവുങ്കല്‍ ശ്യാംപ്രസാദ് (28) മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം പട്ടരുമഠത്തില്‍ സനീഷ് (30) എന്നിവര്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. മുഖ്യപ്രതിയായ അനീഷിന് മന്ത്രവാദിയായ കൃഷ്ണനോടുണ്ടായിരുന്ന വൈരാഗ്യത്തിന്റെ പേരില്‍ നാലു പേരെയും തലയ്ക്കടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.