അന്ധവിശ്വാസത്തിന്റെയും ദുര്‍മന്ത്രവാദത്തിന്റെയും പണക്കൊതിയുടെയും ബാക്കിപത്രമായിരുന്നു തൊടുപുഴയില്‍ നടന്ന കൊലപാതകം. കൊലപാതകം നടത്താന്‍ മുഖ്യപ്രതി അനീഷ് ആറു മാസം മുന്‍പുതന്നെ പദ്ധതി തയാറാക്കിയിരുന്നെന്നാണ് പോലീസ് പറയുന്നത്. തന്റെ മന്ത്രവാദമെല്ലാം പൊളിയുന്നതു കൃഷ്ണന്റെ മാന്ത്രികസിദ്ധി മൂലമാണെന്നു തെറ്റിദ്ധരിച്ച അനീഷ് ഇക്കാര്യത്തില്‍ ഗുരുകൂടിയായ കൃഷ്ണനെ ഇല്ലായ്മ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
കൃഷ്ണനു 300 മൂര്‍ത്തിമാരുടെ ശക്തിയുണ്ടെന്നാണത്രേ അനീഷ് വിശ്വസിച്ചിരുന്നത്. മൂന്നു വര്‍ഷക്കാലം കൃഷ്ണന്റെ കൂടെനിന്നു മന്ത്രവാദവും ആഭിചാരകര്‍മങ്ങളും പഠിച്ച അനീഷ് പിന്നീട് കൃഷ്ണനുമായി പിണങ്ങുകയായിരുന്നു. ഇതോടെ, തനിയെ മന്ത്രവാദം ചെയ്യാന്‍ തുടങ്ങി. എന്നാല്‍, അനീഷ് ചെയ്യുന്നതെല്ലാം പൊളിയുകയായിരുന്നത്രേ. കൃഷ്ണന്റെ ശക്തി മൂലമാണ് തനിക്കു പരാജയം ഉണ്ടാകുന്നതെന്നായിരുന്നു ഇയാളുടെ വിശ്വാസം.
കൃഷ്ണനെ കൊലപ്പെടുത്തി വീട്ടിലിരിക്കുന്ന താളിയോല ഗ്രന്ഥങ്ങള്‍ തട്ടിയെടുക്കാന്‍ ആറു മാസം മുമ്പ് തീരുമാനിച്ചിരുന്നു. അതോടെ, കൃഷ്ണന്റെ സിദ്ധി തനിക്കു സ്വന്തമാക്കാമെന്നും ഇയാള്‍ വിശ്വസിച്ചു. കൊലപ്പെടുത്താനുള്ള പദ്ധതി സുഹൃത്തായ ലിബിഷുമായി പങ്കുവച്ചു. എന്നാല്‍, ലിബിഷ് ആദ്യം തയാറായില്ല. തുടര്‍ന്ന് ഇവിടെനിന്നു ലഭിക്കുന്ന വന്‍ തുകയും സ്വര്‍ണാഭരണങ്ങളും നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു. ഇതിനു ലിബിഷ് സമ്മതിച്ചു.
കൊലപാതകത്തിന് ജൂലൈ 29നു രാത്രി തെരഞ്ഞെടുത്തതും അനീഷാണ്. ശക്തമായ മഴ പെയ്യുന്നതിനാല്‍ ആ ദിനങ്ങളില്‍ ആളുകള്‍ കൂടുതലായി പുറത്തിറങ്ങിയിരുന്നില്ല. അതുകൊണ്ട് തന്നെ തങ്ങളെ ആരും ശ്രദ്ധിക്കില്ലെന്ന് അനീഷ് കരുതി. കൊലയ്ക്കായി അടിമാലിയില്‍നിന്നു ബൈക്കിലാണു ലിബിഷിന്റെ അടുത്ത് ഇയാള്‍ വന്നത്. ഇരുവരുടെയും പേരില്‍ ഇതുവരെ ചില്ലറ അടിപിടിക്കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
മൂന്നു വര്‍ഷം കൃഷ്ണന്റെ കൂടെ നടന്ന അനീഷിന് കൃഷ്ണന്റെ വീടിനെപ്പറ്റി കാര്യമായി അറിയാമായിരുന്നു. അയല്‍ക്കാരുമായി അടുപ്പമില്ലാത്ത കാര്യം പ്രത്യേകിച്ച്. ഈ വീട്ടിലേക്ക് അയല്‍ക്കാര്‍ ഉള്‍പ്പെടെ ആരും വരില്ലെന്ന ഉറപ്പോടെയാണ് ഇവര്‍ ആക്രമണപദ്ധതി തയാറാക്കിയത്.29ന് രാത്രി 12നു ശേഷം വീട്ടിലെത്തിയ അനീഷും സുഹൃത്തായ ലിബിഷും അതിനാല്‍ ആരെങ്കിലും ഓടിയെത്തുമെന്ന ആശങ്ക തെല്ലുമില്ലാതെ കൃത്യം നിറവേറ്റി. മാത്രമല്ല, കൊലപാതകത്തിനു ശേഷം പിറ്റേന്നും ഈ വീട്ടിലേക്ക് കൂസലെന്യേ വരികയും ചെയ്തു.
ഈ വീട്ടിലേക്ക് അയല്‍വാസികള്‍ വരുന്നതു കൃഷ്ണന് നേരത്തെതന്നെ വിലക്കിയിരുന്നു. നാലു സഹോദരങ്ങളും അവരുടെ കുടുംബങ്ങളും അധികം അകലെയല്ലാതെ താമസിച്ചിട്ടും അവരും ഈ വീട്ടിലേക്കു വരാറില്ലായിരുന്നു. അമ്മ മരിച്ചിട്ടുപോലും തറവാട്ടിലേക്കു പോകാത്തയാളാണു കൃഷ്ണന്. ദുര്‍മന്ത്രവാദവും മറ്റും നാട്ടുകാരെ ഇവരില്‍നിന്നും അകറ്റിയിരുന്നു. ഇതെല്ലാം അനീഷിനറിയാമായിരുന്നു.
അയല്‍വാസികള്‍ തിരിഞ്ഞുനോക്കില്ലെന്നുറപ്പുള്ളതുകൊണ്ടാണ് കൊലപാതകത്തിന്റെ പിറ്റേന്നു രാത്രിയും അനീഷും ലിബിഷും വീണ്ടും ഈ വീട്ടിലേക്കു വന്നത്. അപ്പോഴും ആക്രമിക്കപ്പെട്ടവര്‍ വീടിനുള്ളിലുണ്ട്. ഇവരില്‍ കൃഷ്ണനും അര്‍ജുനനും അപ്പോള്‍ മരിച്ചിട്ടില്ലായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്ക്ക് അടിയേറ്റ അര്ജുന് പ്രത്യേക മാനസികാവസ്ഥയില്‍ വീടിന്റെ മുന്നിലെ മുറിയില്‍ തലയ്ക്കു കൈ കൊടുത്തിരിക്കുന്നതും അവര്‍ കണ്ടു. ഒരു ദിവസം പകല്‍ മുഴുവന്‍ ആക്രമണത്തില്‍ പരിക്കേറ്റ അര്ജുന് വീട്ടിനുള്ളില്‍ കിടന്നു. അയല്‍വാസികളുമായോ ബന്ധുക്കളുമായോ അടുപ്പമുണ്ടായിരുന്നെങ്കില്‍ ആരെങ്കിലും തിരക്കി എത്തിയാല്‍ രണ്ടു ജീവനുകളെങ്കിലും രക്ഷപ്പെടുമായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
തിങ്കളാഴ്ച രാത്രി വീണ്ടുമെത്തിയ സംഘം അര്ജുന് മരിച്ചില്ലെന്നു കണ്ടു ചുറ്റികകൊണ്ട് വീണ്ടും ആക്രമിച്ച ശേഷം കുഴിച്ചിടുകയായിരുന്നു. രണ്ടാമത്തെ ദിവസം വന്നപ്പോഴാണ് പ്രതികള്‍ മുറി മുഴുവന്‍ കഴുകുന്നതും മൃതദേഹങ്ങള്‍ കുഴിച്ചുമൂടുന്നതും. അത്രയും നേരം നാട്ടുകാരുടെ ശ്രദ്ധ കിട്ടാതെ മരിച്ചവരും മരിക്കാത്തവരും കിടന്നു.