കെ.എ അബ്ബാസ്
പൊൻകുന്നം: വാനില കൃഷയിടങ്ങളിൽ ഒരിടവേളയ്ക്കു ശേഷം വസന്തം വിരിയുന്നു. കുറെ വർഷങ്ങൾക്കു മുൻപ്, വാനിലയുടെ വില അപ്രതീക്ഷിതമായി റോക്കറ്റ് പോലെ കുതിച്ചു കയറിയപ്പോൾ, നാട്ടിൽ ഏറെപ്പേർ റബ്ബർ മരങ്ങൾ വെട്ടിമാറ്റി വാനില കൃഷി ചെയ്തിരുന്നു.
രാത്രിയിൽ കള്ളന്മാർ വാനില മോഷ്ടിക്കാതിരിക്കുവാൻ പലരും വാനില തോട്ടങ്ങൾക്കു കാവൽ കിടന്നു. തോട്ടത്തിനു ചുറ്റും കന്പിവേലി ചുറ്റി അതിൽ കൂടി വൈദ്യുതി കയറ്റിവിട്ട സംഭവം വരെയുണ്ടായി.എന്നാൽ പലയിടത്തും വിളവെടുപ്പിന്റെ സമയമായപ്പോൾ വാനിലയുടെ അതിപ്രസരം മൂലം വില കുത്തനെ ഇടിയുകയായിരുന്നു. അതോടെ ധാരാളം പേരുടെ സ്വപ്നങ്ങളും തവിടുപൊടിയായിപ്പോയിരുന്നു.
പ്രതീക്ഷിച്ചതിന്റെ അഞ്ചിലൊന്നുപോലും വില പലർക്കും കിട്ടിയില്ല.അഞ്ചു വർഷം മുൻപു കിലോഗ്രാമിന് അഞ്ഞൂറ് രൂപ വരെ വിലയായതോടെ വാനില കൃഷി ചെയ്തിരുന്നവരെല്ലാം കൃഷി ഉപേക്ഷിച്ചു. ദീർഘനാളത്തെ വിലക്കുറവും അവഗണനയും മൂലം വാനില കൃഷി ചെയ്ത ഭൂരിഭാഗം കർഷകരും ഓമനിച്ചു വളർത്തിയ വാനില തോട്ടങ്ങൾ വെട്ടിക്കളഞ്ഞു മറ്റു കൃഷികളിലേക്കു ചുവട് മാറ്റിയിരുന്നു.
അന്നുമുതൽ വാനിലയെ ചതിക്കുന്ന വിളയായാണ് പലരും കണ്ടിരുന്നത്.എന്നാൽ വീണ്ടും കർഷകരെ പ്രലോഭിപ്പിച്ചുകൊണ്ടു വാനിലയുടെ വില കുത്തനെ ഉയർന്നിരിക്കുന്നു . സംസ്കരിച്ച വാനിലയ്ക്ക് കിലോയ്ക്ക് മുപ്പതിനായിരം രൂപയുടെ മുകളിൽ ആണ് ഇപ്പോഴത്തെ വില. പതിനഞ്ചു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് വീണ്ടും വാനിലയ്ക്കു കൈവന്നിരിക്കുന്നത്.
അതോടെ വാനില കൃഷി തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ചില കർഷകരെങ്കിലും. റബ്ബർ വില തകർന്നു തരിപ്പണമായി നിൽക്കുന്ന ഈ സമയത്തു, വാനിലകൃഷിയിലൂടെ വീണ്ടും ഭാഗ്യപരീക്ഷണം നടത്തുന്നതിൽ തെറ്റില്ല എന്നാണ് പലരും കരുതുന്നത്.