ന്യൂഡൽഹി: കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട സ്വയംപ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരനല്ലെന്ന് ഗുജറാത്ത് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ. ഇസ്രത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ ഡിജി വൻസാരയാണ് ആശാറാം ബാ പ്പുവിനെ പിന്തുണച്ച് രംഗത്തുവന്നത്.
ആശാറാം ബലാത്സംഗം ചെയ്തിട്ടില്ലെന്നും പെൺകുട്ടിയെ മോശമായ രീതിയിൽ സ്പർശിച്ചു എന്നുമാത്രമാണ് കുറ്റപത്രത്തിലുള്ളതെന്നും വൻസാര പറഞ്ഞു. ജോധ്പുർ കോടതി വിധിയെ മാനിക്കുന്നു. എന്നിരുന്നാൽ തന്നെയും ആശാറാം ബാപ്പുവിനെ ബലാത്സംഗ കേസിൽ ശിക്ഷിച്ചത് അനുചിതമായില്ലെന്നും വൻസാരെ ചൂണ്ടിക്കാട്ടി.
ആശാറാമിന്റെ അനുയായി ആണ് താനെന്നു വെളിപ്പെടുത്തിയാണ് വൻസാരെ ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത്. എഫ്ഐആറിന്റെ പകർപ്പുമായിട്ടാണ് തന്റെ വാദങ്ങൾ വൻസാരെ നിരത്തിയത്. പീഡിപ്പിക്കപ്പെട്ടതായി പെൺകുട്ടി ഒരിക്കൽപോലും പറഞ്ഞിട്ടില്ല. മോശമായ രീതിയിൽ സ്പർശിച്ചു എന്നുമാത്രമാണ് എഫ്ഐആറിൽ ഉള്ളതെന്നും വൻസാരെ പറഞ്ഞു.