കൊച്ചി: വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കെ കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരേ എറണാകുളത്ത് പോസ്റ്റര്‍. മുനമ്പം ജനതയുടെ പേരില്‍ ഹൈബി ഈഡന് എംപിയുടെ എറണാകുളത്തെ ഓഫീസ് പരിസരത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ‘കോണ്‍ഗ്രസ് എംപിമാരുടെ ശ്രദ്ധയ്ക്ക്’ എന്ന തലക്കെട്ടിലാണ് പോസ്റ്റര്‍. ‘വഖഫ് ബില്ലിനെ എതിര്‍ത്താലും ജയിച്ചെന്ന് കരുതേണ്ട’ എന്ന് പോസ്റ്ററിലുണ്ട്.
മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ച് കോണ്‍ഗ്രസ് എംപിമാര്‍ വഖഫിനൊപ്പം നിന്നെന്ന് പോസ്റ്ററില്‍ പറയുന്നു. ക്രൈസ്തവ സമൂഹം നിങ്ങള്‍ക്കെതിരേ വിധിയെഴുതും. ‘വഖഫിനൊപ്പം നില്ക്കുന്ന കോണ്‍ഗ്രസേ ക്രൈസ്തവ സമൂഹത്തിന് നിങ്ങള്‍ നല്കിയ മുറിവായി മുനമ്പം എന്നും ഞങ്ങള്‍ ഓര്‍ത്തുവെയ്ക്കും’ എന്നും പോസ്റ്ററില്‍ പറയുന്നു. മുനമ്പത്തെ അമ്മമാരുടെ കണ്ണീരും പ്രാര്‍ഥനയും ദൈവം കാണാതിരിക്കില്ലെന്നും പോസ്റ്ററിലുണ്ട്.
വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാകാന്‍ പ്രതിപക്ഷ എംപിമാര്‍ അനുവദിച്ചില്ലെങ്കില്‍ കടലിന്റെ മക്കള്‍ കടലിലേക്ക് ഇറങ്ങുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള മറ്റൊരു പോസ്റ്ററും ഹൈബി ഈഡന്റെ ഓഫീസിന് സമീപം പതിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണുന്നതുവരെ കടലില്‍ നിന്നുകൊണ്ട് സത്യാഗ്രഹം നടത്തുമെന്നും പോസ്റ്ററില്‍ പറയുന്നു. മുനമ്പം ഭൂസംരക്ഷണ സമിതിയുടെ പേരിലാണ് ഈ പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്.
അതേസമയം, വിവാദങ്ങള്‍ക്കൊടുവിലാണ് വഖഫ് നിയമഭേദഗതി ബില്‍ ഇന്ന് ഉച്ചയ്ക്ക് 12 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. ബില്ല് ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജ്ജുവാണ് ലോക്സഭയില്‍ അവതരിപ്പിക്കുക. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ലിന്മേല് ലോക്സഭയില്‍ സംസാരിക്കും.