വളഞ്ഞ വഴികളിലൂടെ പണം വാരിക്കൂട്ടിയെങ്കിലും അതിലൊരു ഭാഗം പാവങ്ങൾക്കായി ചെലവഴിച്ചതു വഴിയാണ് പലർക്കും വരദരാജ മുതലിയാർ എന്ന അധോലോക നായകൻ നല്ലവനായി മാറിയത്.
സിഎസ്ടിഎമ്മിനു സമീപം സ്ഥിതി ചെയ്യുന്ന ബിസ്മില്ല ഷാ ബാബയിലെ ദർഗയിൽ വരദരാജ മുതലിയാർ ദരിദ്രർക്കു ഭക്ഷണം നൽകുക പതിവായിരുന്നു.
ഇതു സാധാരണക്കാർക്കിടയിൽ വരദരാജനു വലിയ പ്രതിച്ഛായ സമ്മാനിച്ചു. ഇന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഈ ദർഗയിൽ ദരിദ്രർക്കു ഭക്ഷണം നൽകുന്നുണ്ട്.
അക്കാലത്തു വളരെ പ്രസിദ്ധമായിരുന്ന ഗണേഷ് ചതുർഥി വേളയിൽ മാതുങ്ക സ്റ്റേഷനു സമീപമുള്ള ഗണേഷ് പന്തലുകൾക്ക് അദ്ദേഹം വഴിപാടുകൾ നൽകി. വിദൂര സ്ഥലങ്ങളിൽ നിന്നുള്ളവരും സെലിബ്രിറ്റികളും ഈ പന്തൽ സന്ദർശിക്കുമായിരുന്നു.
മുംബൈയെ വിറപ്പിച്ചു
നിയമ വിരുദ്ധ മാർഗത്തിലൂടെ സഞ്ചരിച്ചും ഗുണ്ടാപ്പടയെ കൂടെക്കൂട്ടിയും ദക്ഷിണേന്ത്യക്കാരുടെ രക്ഷകനായും ഹാജി മസ്താന്റെയും കരിംലാലയുടെയും അടുത്ത സുഹൃത്തായും മുന്നോട്ടുപോയ വരദരാജൻ തന്റേതായ ഒരു ഇരിപ്പിടം മുംബൈ മഹാനഗരത്തിൽ സൃഷ്ടിച്ചെടുത്തു.
ചെറിയ ചെറിയ കുറ്റകൃത്യങ്ങളിൽ തുടങ്ങി പിന്നീട് ഹാജി മസ്താനൊപ്പം ചേർന്നു തട്ടിക്കൊണ്ടുപോകലും കൊലപാതകങ്ങളും ഭൂമിയിടപാടുകളും നടത്തി ബോംബൈ മുഴുവൻ വിറപ്പിക്കുന്ന അധോലോക നായകരിലൊളായി മുതലിയാർ മാറി.
ദക്ഷിണേന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹിക്കാൻ സമാന്തര ഭരണകൂടം പോലെ അയാൾ ഇടപെട്ടു. ഇതോടെ ദക്ഷിണേന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന ചേരിപ്രദേശങ്ങളിലും മറ്റും മുതലിയാർക്കു വലിയ പിന്തുണ കിട്ടി.
തിരിച്ചടികളുടെ കാലം
കുറെക്കാലം അധോലോകത്തു വലിയ ഡോൺ ആയി വിലസിയെങ്കിലും 1980കളുടെ തുടക്കംമുതൽ കാര്യങ്ങളൊന്നും പഴയതു പോലെ എളുപ്പമല്ലാതായി.
ഹാജി മസ്താൻ അധോലോക ബന്ധം ഉപേക്ഷിച്ചതാണ് വരദരാജയെ ശരിക്കും ബാധിച്ചത്. ഇതിനിടെ, ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിൽ മറ്റൊരു അധോലോക സാമ്രാജ്യം ശക്തമായി വന്നതും വരദരാജയ്ക്കു തിരിച്ചടിയായി.
കരിം ലാലയും കളം വിടാനൊരുങ്ങിയതോടെ വരദരാജ ശരിക്കും ഒറ്റപ്പെട്ട അവസ്ഥയായി. അതുവരെയുള്ള അധോലോക സംഘങ്ങളുടെ പ്രവർത്തനങ്ങളേക്കാൾ ചോര ചിന്തുന്നതായിരുന്നു ദാവൂദിന്റെ രീതികൾ.
ദാവൂദിന്റെ നേതൃത്വത്തിലുള്ള സംഘം കാട്ടിക്കൂട്ടിയ കൊള്ളരുതായ്മകൾ സമൂഹത്തിലും അധികാര കേന്ദ്രങ്ങളിലുമെല്ലാം വലിയ ചർച്ചയായി മാറി.
ജനവകാരം ശക്തമായതോടെ അധോലോകത്തെ ഡോണുകളെ ഒതുക്കാൻ തന്നെ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു.അധോലോകത്തെ ഇല്ലാതാക്കാൻ വൈ.സി.
പവാർ എന്ന പോലീസ് ഒാഫീസറെ നിയമിച്ചു. പവാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അധോലോകത്തെ പൊളിക്കാൻ പല ഒാപ്പറേഷനുകളും നടത്തി.
വരദരാജയെ ലക്ഷ്യമിട്ടു ശക്തമായ നീക്കം തുടങ്ങി. കൂട്ടാളികളെയെല്ലാം പിടിച്ച് അകത്താക്കി. ചിലരെയൊക്കെ എൻകൗണ്ടറുകൾ നടത്തി കൊന്നുകളഞ്ഞു.
ഇതോടെ വരദരാജയ്ക്കു മുംബൈയിൽ നിൽക്കാൻ പറ്റാത്ത സാഹചര്യമായി. അങ്ങനെ അയാൾ മുംബൈ ഉപേക്ഷിച്ച് 1983ൽ തമിഴ്നാട്ടിലേക്കു തിരികെ വന്നു. പിന്നെ ഏറിയ പങ്കും തമിഴ്നാട്ടിലായിരുന്നു ജീവിതം.
മരണവും സംസ്കാരവും
1988 ജനുവരി രണ്ടിനാണ് ഹൃദയസ്തംഭനത്തെത്തുടർന്നു വരദരാജ മുതലിയാർ ചെന്നൈയിൽ മരിക്കുന്നത്. തന്റെ സംസ്കാരം മുംബൈയിൽ നടത്തണമെന്നായിരുന്നു വരദരാജയുടെ ആഗ്രഹം.
വരദരാജ മരിക്കുന്പോൾ ഹാജി മസ്താൻ ജീവിച്ചിരിപ്പുണ്ട്. വരദരാജയുടെ ആഗ്രഹം അറിയാമായിരുന്ന മസ്താൻ ചാർട്ടേർഡ് ഫ്ളൈറ്റ് ചെന്നൈയിലേക്ക് അയച്ചു വരദരാജയുടെ മൃതദേഹം മുംബൈയിലെത്തിച്ചു.
അന്നു വരദരാജന്റെ മൃതശരീരം ഒന്നും കാണാനും അന്തിമോപചാരം അർപ്പിക്കാനും ഒഴുകിയെത്തിയത് ജനസാഗരമാണ്. വരദരാജനെ സ്നേഹിക്കുന്ന ആയിരക്കണക്കിന് ആളുകൾ മുംബൈയിൽ ഉണ്ടായിരുന്നു.
വരദ ഭായ് എന്നറിയപ്പെടുന്ന വരദരാജ മുതലിയാരുടെ ജീവിതകഥ അതേപടി പകർത്തിയ ചിത്രമാണ് 1987ൽ പുറത്തിറങ്ങിയ മണിരത്നം- കമലഹാസൻ ചിത്രമായ നായകൻ.
പോലീസുകാർക്കും ഉദ്യോഗസ്ഥർക്കും സർക്കാരിനുമൊക്കെ വരദരാജ മുതലിയാർ കൊടും ക്രിമിനലാണെങ്കിലും മുംബൈയിലെ ചേരിപ്രദേശങ്ങളിൽ താമസിക്കുന്ന പാർശ്വവത്കരിക്കപ്പെട്ട, നിരാലംബരായ ജനങ്ങൾക്ക് അയാളൊരു വലിയ മനുഷ്യനായിരുന്നു, നന്മയുള്ള ഡോൺ!
തയാറാക്കിയത്: എൻ.എം