കോഴിക്കോട്: കാന്താരസിനിമയിലെ വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികളിലേക്ക് പോലീസ്. കേസില്‍ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെയും നിര്‍മാതാവ് വിജയ് കിരഗന്ദൂരിന്റെയും ചോദ്യം ചെയ്യല്‍ ഇന്നലെ കോഴിക്കോട്ട് പൂര്‍ത്തിയായി.
സംഗീതസംവിധായകന് അജനീഷ് ലോക്നാഥിനെ ചോദ്യംചെയ്യാന്‍ ഒരുങ്ങുകയാണ് പോലീസ്.സംഗീതവിദഗ്ധരുടെ ഉപദേശം തേടിയശേഷം പോലീസ് കൂടുതല്‍ നടപടികളിലേക്ക് നീങ്ങും.
പാട്ടിന്റെ ട്രാക്കില്‍ സാമ്യമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. എന്നാൽ, പാട്ടിന്റെ രാഗങ്ങളും ഉപയോഗിച്ച ഉപകരണങ്ങളും വ്യത്യസ്തമാണെന്നാണ് കാന്താരയുടെ അണിയറക്കാരുടെ വാദം.
നടന് പൃഥ്വിരാജ് ഉള്‍പ്പെടെ കാന്താരയുടെ കേരളത്തിലെ വിതരണക്കാരും കേസിലെ പ്രതികളാണ്. പൃഥ്വിരാജ് ഉൾപ്പെടെ ഏഴു പേരിൽനിന്നുകൂടി മൊഴിയെടുക്കുമെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കന്നഡ സിനിമയായ ‘കാന്താര’യുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ ഹാജരായത്.
പകർപ്പാവകാശം ലംഘിച്ചാണ് സിനിമയിൽ ‘വരാഹരൂപം’ എന്ന പാട്ട് ഉപയോഗിച്ചതെന്ന കേസിൽ പ്രതികളായ കാന്താര സിനിമയുടെ നിർമാതാവ് വിജയ് കിർഗന്ദൂർ, സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.