റെനീഷ് മാത്യു
കണ്ണൂർ: നിലന്പൂർ,ലക്കിടി ഏറ്റുമുട്ടലുകൾക്ക് കേരളത്തിൽ തെരഞ്ഞെടുപ്പ് കാലയളവിൽ തിരിച്ചടി നല്കുവാൻ മാവോയിസ്റ്റുകൾ തയാറെടുക്കുന്നതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ബഹിഷ്കരണം ചെയ്യാനുള്ള പ്രചാരണത്തിനു പുറമേ സായുധ പോരാട്ടത്തിനും മാവോയിസ്റ്റുകൾ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതിനു പകരം വീട്ടാൻ 2017 ൽ രൂപീകരിച്ച വരാഹിണി ദളത്തിന്റെ നേതൃത്വത്തിലാണ് തിരിച്ചടിക്ക് ഒരുങ്ങുന്നത്. 2016 നവംബർ 24 നാണ് ഇവർ നിലന്പൂർ കരുളായി വനത്തിൽ കൊല്ലപ്പെട്ടത്. തുടക്കത്തിൽ എട്ടംഗസംഘമായിരുന്നു ഇതിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ആൾബലം കൂടിയതായാണ് ആഭ്യന്തരസുരക്ഷാ വിഭാഗത്തിന് ലഭിച്ച വിവരം.
മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതിന്റെ ഒന്നാംവാർഷികത്തിൽ തിരിച്ചടി നല്കണമെന്ന് മാവോയിസ്റ്റ് കേരളഘടകം ആവശ്യപ്പെട്ടെങ്കിലും വേണ്ടെന്ന നിലപാടിലായിരുന്നു മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി. എന്നാൽ ലക്കിടിയിൽ കബനീദളത്തിലെ സി.പി. ജലീൽ കൊല്ലപ്പെട്ടതോടെ മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി തിരിച്ചടിക്ക് അനുമതി നല്കിയതായാണ് സൂചന.ലക്കിടിയിൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കബനീദളത്തിലെ സി.പി. ജലീലിന്റെ സഹോദരൻ സി.പി. മൊയ്തീനാണ് വരാഹിണി ദളത്തിന്റെ ചുമതല.
മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പ്രശ്നബാധിത ബൂത്തുകൾക്കു പുറമേ സംസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളുടെ കണക്കും രഹസ്യാന്വേഷണ വിഭാഗവും ആഭ്യന്തരസുരക്ഷാ വിഭാഗവും ശേഖരിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്ന രാഷ്ട്രീയ നേതാക്കളെ ആക്രമിക്കാനും തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള നീക്കങ്ങൾ മാവോയിസ്റ്റുകൾ നടത്തുന്നുണ്ടെന്ന വിവരം കേന്ദ്രരഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര സുരക്ഷാ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽമാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച ജില്ലകളിൽ തണ്ടർബോൾട്ടിന്റെ നേതൃത്വത്തിൽ പ്രത്യേക സുരക്ഷയും നിരീക്ഷണവും ഏർപ്പെടുത്താണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം.
കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളുടെ കണക്കുകൾ എടുക്കുന്നത്. ഈ ജില്ലകളിലെ വനാതിർത്തിയോട് ചേർന്നു കിടക്കുന്ന ഗ്രാമങ്ങളിൽ തണ്ടർബോൾട്ടിനെയും സായുധ പോലീസ് സേനയേയും വിന്യസിക്കാനാണ് തീരുമാനം.കൂടാതെ ഇവിടങ്ങളിൽ പ്രചാരണത്തിന് എത്തുന്ന രാഷ്ട്രീയ നേതാക്കൻമാർക്കും പ്രത്യേക സുരക്ഷ നല്കാനുമാണ് തീരുമാനം.
ആഭ്യന്തരസുരക്ഷാ വിഭാഗം, രഹസ്യാന്വേഷണ വിഭാഗം എന്നിവയുടെ പ്രത്യേക നിരീക്ഷണം തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പ്രദേശങ്ങളിൽ ഉണ്ടാകും. വനാതിർത്തി പ്രദേശങ്ങളിൽ അപരിചിതരായ ആളുകളുടെ സാന്നിധ്യം രഹസ്യാന്വേഷണ വിഭാഗത്തെ അറിയിക്കുവാൻ കോളിനിയിലുള്ളവരോട് നിർദേശവും നല്കിയിട്ടുണ്ട്.
മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച വടക്കൻ ജില്ലകളിലെ വനാതിർത്തിയോട് ചേർന്നു കിടക്കുന്ന പതിനഞ്ചോളം കോളനികൾക്കാണ് നിർദേശം നല്കിയിരിക്കുന്നത്.കൂടാതെ നോർത്ത് വയനാട്, സൗത്ത് വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ഫോറസ്റ്റ് ഡിവിഷണുകൾക്കും നിരീക്ഷണം ഏർപ്പെടുത്താൻ നിർദേശം നല്കിയിട്ടുണ്ട്.