സെബി മാളിയേക്കൽ
തൃശൂർ: പുഞ്ചപ്പാടങ്ങൾ കൃഷിക്കൊരുങ്ങിയതോടെ ഇവിടങ്ങളിലെല്ലാം മത്സ്യക്കൊയ്ത്ത് ആരംഭിച്ചു. പാടങ്ങളിലെ വെള്ളം വറ്റിച്ച് കൃഷിയോഗ്യമാക്കുന്നതോടെയാണ് ഇവിടങ്ങളിലെ ഇടത്തോടുകളിലെയും മത്സ്യക്കൊയ്ത്ത് ആരംഭിക്കുന്നത്. ബ്രാല് (വരാൽ), കടു (കാരി), കരിപ്പിടി (കല്ലുത്തി) തുടങ്ങിയ മത്സ്യങ്ങളാണ് ഏറ്റവും കൂടുതൽ ലഭിക്കുന്നത്. ചേറിൽ പുതഞ്ഞുകിടക്കുന്ന മത്സ്യങ്ങളാണ് ഇവ. ജലാംശം കുറഞ്ഞാൽപോലും ആഴ്ചകളോളം ചേറിൽ പൂണ്ടുകിടക്കാൻ കഴിവുള്ള മത്സ്യമാണ് വരാൽ. കടുവും കരിപ്പിടിയും ഇത്തരം സ്വഭാവക്കാരാണെങ്കിലും വെള്ളം വറ്റിയാൽ രണ്ടോ മൂന്നോ ദിവസത്തിൽ കൂടുതൽ അതിജീവിക്കില്ല.
നീർമീൻ എന്നു പഴമക്കാർ പറയുന്ന ഇത്തരം മീനുകൾക്കു തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ഡിമാൻഡ്. ഒന്നാംസ്ഥാനം വരാലിനുതന്നെ. കരിപ്പിടിക്കു കിലോയ്ക്ക് 150 ഉം കടുവിന് 200ഉം രൂപയാണ് വിലയെങ്കിൽ വരാലിനു വലിപ്പമനുസരിച്ചാണ് വില. അരകിലോയും അതിനു മുകളിലും തൂക്കം വരുന്ന വരാലുകൾക്കു കിലോയ്ക്ക് 700 രൂപയാണ് നടപ്പുവില. അതിൽ താഴെയുള്ള വരാലുകൾക്ക് 500.
തീരെ ചെറുതിനുപോലും 350 രൂപയെങ്കിലും കൊടുക്കണം. ഒരു കിലോ തൂക്കമുള്ള വരാലുകൾ അപൂർവമാണെങ്കിലും ഇവയ്ക്ക് മോഹവിലയാണ് – കിലോയ്ക്ക് ആയിരം രൂപ. ക്രിസ്മസ് കഴിഞ്ഞതോടെ തൃശൂർ – എറണാകുളം ജില്ലകളിൽ അന്പുതിരുനാളുകൾ തുടങ്ങുകയായി. ഇതോടെ വരാലിനു ഡിമാൻഡ് കൂടും. ഇതോടെ 700 രൂപ വിലയുള്ള വരാലുകൾക്കുതന്നെ 1000 രൂപയാവും. മറ്റുള്ളവയ്ക്കു യഥാക്രമം വില കൂടുകയും ചെയ്യും.
കറിവയ്ക്കാനും വറക്കാനും തൃശൂർ ജില്ലക്കാർ ഏറ്റവും കൂടുതൽ പരിഗണിക്കുന്നമീനാണെന്നതാണു വരാലിന്റെ പ്രത്യേകത. കോൾപാടങ്ങളിലെയോ പുഞ്ചപ്പാടങ്ങളിലെയോ വരാലുകൾക്കാണു വൻ ഡിമാൻഡ്. അല്പം മഞ്ഞയും വെള്ളയും കലർന്ന ഇവയ്ക്കു സ്വാദ് കൂടും. അഴുക്കുചാലിൽ ഇവ വളരുന്നതിനാൽ ചില ജില്ലകളിൽ വരാലിനു വലിയ ഡിമാൻഡില്ല.
ജനുവരി അവസാനം മുതൽ മാർച്ച് ആദ്യംവരെ കുളങ്ങൾ പിടിക്കുന്പോഴും വരാൽ ഉൾപ്പെടെയുള്ള മീനുകൾ ലഭിക്കുമെങ്കിലും അവയ്ക്ക് ഇത്രത്തോളം രുചി ലഭിക്കില്ലെന്നാണു മീൻപ്രേമികൾ പറയുന്നത്. പല കുളങ്ങളിലെയും മീനുകൾക്കു സോപ്പിന്റെയും എണ്ണയുടെയും ഗന്ധവും ചെളിച്ചൂരുമെല്ലാം ഉണ്ടാകും. എന്നാൽ ഇപ്പോൾ കിട്ടുന്ന മീനുകൾക്ക് ഇവ ഉണ്ടാകാൻ സാധ്യതയില്ല.
അതെ, ഇപ്പോൾ വരാലാണ് താരം. വരാലുകൾ അന്യംനിന്നുപോയെന്ന കിംവദന്തികൾക്കു മറുപടിയെന്നോണം മിക്ക പുഞ്ചപ്പാടങ്ങളിലും ഇവ ഇപ്പോൾ സുലഭമായി ലഭിക്കുന്നുണ്ട്; വിലയിൽ കുറവില്ലെന്നു മാത്രം.