ശരത്കുമാറിന്റെ മകളും കസബ നായികയുമായ വരലക്ഷ്മി ശരത് കുമാർ വീണ്ടും മമ്മൂട്ടിയോടൊപ്പം പുതിയ മലയാള ചിത്രത്തിൽ. അജയ് വാസുദേവ് – ഉദയ് കൃഷ്ണ ടീം ഒരുക്കുന്ന ചിത്രത്തിലാണ് വരലക്ഷ്മി വീണ്ടും മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്നത്. ചിത്രത്തിൽ നായികയായി വരുന്നത് റായ് ലക്ഷ്മി ആണെന്ന സംസാരം ആദ്യം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് വെളിപ്പെടുത്താത്ത ചില കാരണങ്ങളാൽ റായ് ലക്ഷ്മിയെ മാറ്റി വരലക്ഷ്മിയെ നായികയാക്കാൻ തീരുമാനിക്കുകയായിരുന്നു.
വരലക്ഷ്മി മലയാള ചലച്ചിത്ര രംഗത്തേക്ക് വന്നത് നിധിൻ രണ്‍ജി പണിക്കർ സംവിധാനം ചെയ്ത കസബ എന്ന ചിത്രത്തിലൂടെയാണ്. കസബയിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച വരലക്ഷ്മിയെ പ്രേക്ഷകർ രണ്ടു കൈയും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തിൽ മഹിമ നന്പ്യാർ മറ്റൊരു നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉണ്ണി മുകുന്ദന്റെ നായികയായിട്ടാണ് മഹിമ വരുന്നത്. ചിത്രത്തിൽ മമ്മൂട്ടി വളരെ കർക്കശക്കാരനായ പരുക്കൻ കോളജ് പ്രഫസറുടെ റോൾ ആണ് അവതരിപ്പിക്കുന്നത്.
വിദ്യാർഥികളോട് യാതൊരു വിധത്തിലും സൗഹൃദമോ, വിട്ടുവീഴ്ച്ചയോ ഇല്ലാത്ത പ്രഫസറാണ് മമ്മൂട്ടി ഇതിൽ. കോളജ് കാന്പസിൽ നടക്കുന്ന കൊലപാതകവും അതിന്റെ നിഗൂഢതയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.മുകേഷ്, സലിം കുമാർ, കലാഭവൻ ഷാജോണ്‍, കൈലാഷ്, മക്ബൂൽ സൽമാൻ, ജോണ്ട, അർജുൻ, നന്ദകുമാർ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം പുലിമുരുകൻ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ഉദയകൃഷ്ണയോടൊപ്പമുള്ള രണ്ടാമത്തെ സംരംഭമാണ്. ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല.