സമുദ്രക്കനി ചിത്രത്തിൽ നിന്ന് വരലക്ഷ്മിയുടെ പിൻമാറ്റത്തെക്കുറിച്ചുള്ള ഉൗഹാപോഹങ്ങൾക്ക് വിട,തനിക്ക് ലഭിച്ച താമസ സൗകര്യത്തിൽ തൃപ്തയല്ലാത്തതിനാലാണ് വരലക്ഷ്മി ഇറങ്ങിപ്പോയതെന്ന് സംവിധായകൻ. സ്റ്റാർ ഹോട്ടൽ വേണമെന്നു താരം വാശിപിടിച്ചത്രേ.
കസബയ്ക്ക് ശേഷം വരലക്ഷ്മി ശരത് കുമാറിന്റെ അടുത്ത മലയാള ചിത്രം ജയറാം-സമുദ്രക്കനി ടീമിനൊപ്പമുള്ള ആകാശ മിഠായി ആണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സമുദ്രക്കനി ഇതാദ്യമായാണ് ഒരു മലയാള സിനിമ സംവിധാനം ചെയ്യുന്നത്.
അപ്പ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പാണ് ആകാശ മിഠായി. ചിത്രത്തിൽ നിന്നും വരലക്ഷ്മിയെ പുറത്താക്കിയെന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.ജയറാമിന്റെ നായികയായി അഭിനയിക്കുന്നതിന്റെ സന്തോഷം ട്വിറ്ററിലൂടെ വരലക്ഷ്മി പങ്കുവച്ചിരുന്നു. എന്നാൽ സമുദ്രക്കനിയുടെ ചിത്രത്തിൽ നിന്നു വരലക്ഷ്മി പുറത്തേക്കെന്നുള്ള വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത് .
ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെ ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തു വന്നിട്ടുണ്ട്. ചിത്രത്തിൽ നിന്നും പുറത്താക്കിയതിനെക്കുറിച്ച് ഇതാദ്യമായി പ്രതികരിക്കുകയാണ് സംവിധായകനായ സമുദ്രക്കനി.നിർമ്മാതാക്കളുമായി യോജിച്ച് പോവാൻ കഴിയാത്ത സാഹചര്യത്തെത്തുടർന്നാണ് ചിത്രത്തിൽ നിന്നും പിൻവാങ്ങിയതെന്നാണ് വരലക്ഷ്മി അറിയിച്ചിരുന്നത്. എന്നാൽ അതായിരുന്നില്ല യഥാർഥ കാരണമെന്നാണ് സംവിധായകൻ സമുദ്രക്കനി പറയുന്നത്.
തനിക്ക് ലഭിച്ച താമസ സൗകര്യത്തിൽ തൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ഇറങ്ങിപ്പോയതെന്ന് സംവിധായകൻ വെളിപ്പെടുത്തി. ചിത്രത്തിലെ അഭിനേതാക്കൾക്കായി ഒരുക്കിയ താമസ സൗകര്യം ഇഷ്ടപ്പെടാതിരുന്ന വരലക്ഷ്മി സ്റ്റാർ ഹോട്ടൽ വേണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് പ്രൊഡക്ഷൻ അസിസ്റ്റന്റുമായി വഴക്കുണ്ടാക്കി.
ലോ ബജറ്റിൽ ഒരുങ്ങുന്ന സിനിമയായതിനാൽത്തന്നെ താനടക്കമുള്ള എല്ലാവർക്കും ഒരേ ഹോട്ടലിലാണ് താമസം ഒരുക്കിയത്. എന്നാൽ ആ ഹോട്ടൽ വരലക്ഷ്മിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഭക്ഷണവും താമസവും ബുദ്ധിമുട്ടായതിനെത്തുടർന്ന് അവർ ചിത്രത്തിൽ നിന്നും സ്വയം പിൻവാങ്ങുകയായിരുന്നു- സമുദ്രക്കനി പറയുന്നു. വരലക്ഷ്മിയുടെ സ്ഥാനത്ത് ഇനിയയെ നിശ്ചയിച്ചു എന്നാണ് ഏറ്റവും പുതിയ വാർത്ത.