കസബ’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ വരലക്ഷ്മി തന്റെ രണ്ടാം മലയാള ചിത്രത്തിന്റെ സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി. തമിഴ് താരം സമുദ്രക്കനി സംവിധാനം ചെയ്യുന്ന “ആകാശ മിഠായി’ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുമാണ് വരലക്ഷ്മി ഇറങ്ങിപ്പോയത്. നിര്‍മാതാക്കളുടെ ആണ്‍പ്രമാണിത്വത്തില്‍ പ്രതിഷേധിച്ചാണ് തന്റെ ഇറങ്ങിപ്പോക്കെന്നും സ്ത്രീകളെ ബഹുമാനിക്കാന്‍ അവര്‍ പഠിക്കണമെന്നും വരലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു. അതേസമയം വിഷയത്തില്‍ നായകനായ ജയറാം പ്രതികരിച്ചിട്ടില്ല.
തന്റെ തീരുമാനത്തിന് ഒപ്പം നിന്ന സംവിധായകന് സമുദ്രക്കനിക്കും നായകന് ജയറാമിനും വരലക്ഷ്മി ട്വിറ്ററിലൂടെ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ ചിത്രത്തില്‍ നിന്നും ഞാന്‍ പിന്മാറുന്നു. സിനിമയുടെ നിര്‍മാതാക്കളുമായി യോജിച്ച് പോകാനാകില്ല. അവര്‍ പറഞ്ഞ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ആണ്‍മേധാവിത്വം കാണിക്കുന്ന ആളുകള്‍ക്കൊപ്പവും പെരുമാറാന്‍ അറിയില്ലാത്ത നിര്‍മാതാക്കള്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ കഴിയില്ല. എന്റെ തീരുമാനത്തെ പിന്തുണച്ച ജയറാം സാറിനും സമുദ്രക്കനി സാറിനും നന്ദി-വരലക്ഷ്മി പറഞ്ഞു.
അതേസമയം മറ്റൊരു പ്രതികരണമാണ് നിര്‍മാതാക്കള്‍ നടത്തിയത്. വരലക്ഷ്മിയെ ഒഴിവാക്കുകയായിരുന്നുവെന്നാണ് നിര്‍മാതാവ് പറയുന്നത്. ആ കഥാപാത്രം വരലക്ഷ്മിയോട് യോജിക്കാനാകാത്തതാണ്. കസബയില്‍ വരലക്ഷ്മി അവതരിപ്പിച്ച കഥാപാത്രത്തെ കണ്ടാണ് ഈ സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നത്. പക്ഷേ ഇപ്പോള്‍ അവര്‍ ശരീരഭാരം വളരെ കുറച്ചു. സിനിമയിലെ കഥാപാത്രത്തിന് യോജിക്കുന്നില്ലെന്നും അണിയറക്കാര്‍ അവകാശപ്പെടുന്നു.
തമിഴില്‍ സമുദ്രക്കനി തന്നെ സംവിധാനം ചെയ്ത “അപ്പ’ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പാണ് ആകാശ മിഠായി. രണ്ടു ദിവസം മുന്‍പാണ് ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നത്. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയതിന് പിന്നാലെ വരലക്ഷ്മിയും ചിത്രത്തിന്റെ നിര്‍മാതാക്കളും തമ്മില്‍ തെറ്റി. നിര്‍മാതാക്കളുടെ പല നിബന്ധനകളും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ച് നടി സെറ്റില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. തമിഴ് സൂപ്പര്‍ താരം ശരത്കുമാര്രാധിക ദമ്പതികളുടെ മകളാണ് വരലക്ഷ്മി.