വൈ.എസ്. ജയകുമാർ
തിരുവനന്തപുരം: അന്പതു ശതമാനം മഴ കുറയുകയും കടുത്ത വരൾച്ച കാരണം 50 ശതമാനത്തിൽ താഴെ ഭൂമിയിൽ കൃഷിയിറക്കുകയും ചെയ്താൽ മാത്രം ഇനി മുതൽ കേന്ദ്ര സർക്കാരിന്റെ വരൾച്ചാ ദുരിതാശ്വാസം ലഭിക്കുകയുള്ളൂ.വരൾച്ചാ ദുരിതാശ്വാസം അനുവദിക്കുന്നതു സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ പുതിയ കരട് മാനദണ്ഡം സംസ്ഥാന സർക്കാരിനു ലഭിച്ചു. വരൾച്ചാബാധിതമായി പ്രഖ്യാപിച്ച സംസ്ഥാനത്ത് അടുപ്പിച്ച് നാലുനാൾ മഴ പെയ്താലും ധനസഹായം ലഭിക്കില്ല.
പശ്ചിമഘട്ട മലനിരകളിൽ വനത്തോടു ചേർന്നു കിടക്കുന്ന വയനാട്ടിലും കാന്തള്ളൂരിലും മറ്റും വേനൽക്കാലത്തുപോലും മഴ ലഭിക്കുന്നത് കേരളത്തിന് വരൾച്ചാ ദുരിതാശ്വാസം ലഭിക്കുന്നതിന് തടസമാകും. കേരളത്തിനു പുറമേ പശ്ചിമഘട്ടത്തിനു പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന കർണാടകത്തിനും കരട് മാനദണ്ഡം തിരിച്ചടിയാകും. സർവനാശം വരുത്തുന്ന വരൾച്ചയിൽ മാത്രമേ കേന്ദ്രധനസഹായത്തിന് അർഹത ലഭിക്കൂ.
കാർഷിക വിളകൾ മാത്രമല്ല വൃക്ഷ ലതാതികൾ നശിക്കണം, മൃഗങ്ങൾ വെള്ളവും ഭക്ഷണവൂം കിട്ടാതെ ചത്തുവീഴണം. ഇത്രയും കൊടുംവരൾച്ച കേരളത്തിൽ സംഭവിക്കാറില്ല. ആഗോളതാപന ഫലമായി അതിവൃഷ്ടിയും അല്പവൃഷ്ടിയുമാണ് കേരളത്തിലുണ്ടാകുന്നത്.കടുത്ത വരൾച്ച നേരിട്ട കേരളത്തിൽ ഇക്കുറി 30 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയത്.
പുതിയ മാനദണ്ഡം സ്വീകരിച്ചാൽ കേരളം സമർപ്പിച്ച 992 കോടി രൂപയുടെ കൃഷിനാശത്തിനുള്ള ധനസഹായം ലഭിക്കില്ല.കേന്ദ്ര സർക്കാരിന്റെ കരട് വരൾച്ചാ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ റവന്യൂമന്ത്രി ഉന്നതതലയോഗം വിളിച്ചുകൂട്ടി കാര്യങ്ങൾ വിലയിരുത്തി. പുതിയ കരട് നയം നടപ്പാക്കിയാൽ കേരളത്തിനുണ്ടാകുന്ന ദോഷങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താൻ തീരുമാനിച്ചു.
വരൾച്ചാ ദുരിതാശ്വാസം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് നീതിപൂർവകമായല്ല ലഭിക്കുന്നതെന്ന ആരോപണവുമായി എൻജിഒയായ സ്വരാജ് അഭിയാൻ സുപ്രീംകോടതിയിൽ കേസ് നടത്തിവരികയാണ്. ഈ കേസിൽ കേരളം ആവശ്യമെങ്കിൽ കക്ഷിചേരും.കശാപ്പു നിയന്ത്രണ ഓർഡിനൻസിനു പിന്നാലെ കേരളത്തിലെ കാർഷിക മേഖലയ്ക്കു ലഭിക്കുന്ന ശക്തമായി തിരിച്ചടിയാകും വരൾച്ചാദുരിതാശ്വാസം സംബന്ധിച്ച പുതിയ കരട് മാനദണ്ഡം.