തിരുവനന്തപുരം: മഴയുടെ കുറവുമൂലം സംസ്ഥാനത്ത് ഉടലെടുക്കാൻ സാധ്യതയുള്ള പ്രതിസന്ധി നേരിടാൻ ടാസ്ക് ഫോഴ്സുമായി സർക്കാർ. യുദ്ധകാലാടിസ്ഥാനത്തിൽ മുൻകരുതൽ സ്വീകരിക്കുന്നതിനു വേണ്ടിയാണ് കർമസേനകളെ നിയോഗിക്കുന്നത്. തിരുവനന്തപുരത്ത് ഇന്നു ചേർന്ന ഉന്നതതലയോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടു.
കരുതൽ നടപടികളുടെ ഭാഗമായി മഴവെള്ള സംഭരണം ലക്ഷ്യമാക്കി മൂന്ന് കർമസേനകൾ രൂപീകരിക്കും. തൃശൂരിൽ വിജയകരമായി നടപ്പിലാക്കിയ മഴപ്പൊലിമ പദ്ധതിയുടെ മാതൃകയിൽ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി മഴവെള്ളസംഭരണം സംസ്ഥാന വ്യാപകമായി നടത്താനുള്ളതാണ് ഒരു കർമസേന.
തടയണകൾ, റെഗുലേറ്ററുകൾ എന്നിവ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുന്നതിനും താൽക്കാലിക തടയണകൾ നിർമിക്കുന്നതിനുമാണ് രണ്ടാമത്തെ കർമസേന. കനാലുകൾ, കുളങ്ങൾ എന്നിവ വൃത്തിയാക്കുന്നതിനും പരമാവധി മഴവെള്ളം സംഭരിക്കുന്നതിനുമാണ് മൂന്നാമത്തെ കർമസേന. ഈ കർമസേനകൾ അവയുടെ പ്രവർത്തന പദ്ധതി അടിയന്തരമായി തയാറാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചു.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഈ മാസം ഏഴുവരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ 27 ശതമാനം മഴകുറവാണ് രേഖപ്പെടുത്തിയത്. പ്രധാന ജലവൈദ്യുത പദ്ധതികളുള്ള ഇടുക്കിയിൽ 36 ശതമാനം മഴകുറവാണ്. വയനാട്ടിൽ 58 ശതമാനം കുറവ്. ഇടുക്കിയിലെ ജലസംഭരണികളിൽ ഇപ്പോൾ 32 ശതമാനം വെള്ളമേയുള്ളു. ഇത് ശരാശരി 20 ശതമാനം കുറവാണ്.