മല്ലപ്പള്ളി: എട്ടുമാസം മുന്പ് കുതിച്ചൊഴുകിയ മണിമലയാർ നീർച്ചാലുകളായി. പലയിടത്തും നദി ഇടമുറിഞ്ഞ സ്ഥിതിയിൽ.തീരങ്ങളിൽ കോട്ടാങ്ങൽ, മല്ലപ്പള്ളി, കല്ലൂപ്പാറ തുടങ്ങി പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം പ്രതിസന്ധിയിലായി. മല്ലപ്പള്ളി വലിയ പാലത്തിനോട് ചേർന്നുള്ള തടയണയിൽ വെള്ളം തടഞ്ഞു നിൽക്കാതെ വന്നതോടെ മല്ലപ്പള്ളിയിൽ ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്നു.
15 വർഷം മുമ്പ് നിർമിച്ച തടയണ നിർമാണത്തിലെ പാളിച്ച മൂലം ചോരുകയാണ്. ഇത് പരിഹരിക്കാൻ കഴിഞ്ഞ വേനലിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പുതുക്കി പണിതെങ്കിലും ഇക്കൊല്ലവും തടയണയിൽ തുള്ളിവെള്ളം തടഞ്ഞിട്ടില്ല. ലക്ഷങ്ങൾ മുടക്കിയ പദ്ധതി പരാജയപ്പെട്ടതോടെ കുടിവെള്ള ക്ഷാമം അതിരൂക്ഷമായി. കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ ആവശ്യപ്പെട്ടതിനെത്തുടർന്ന് തടയണയ്ക്കു താഴെ കയത്തിൽ നിന്ന് കുടിവെള്ള പദ്ധതിയുടെ കിണറിന്റെ അരികിലേക്ക് വെള്ളം പമ്പ് ചെയ്യുകയാണ്.
എന്നിട്ടും പദ്ധതിയിൽ മൂന്ന് മോട്ടോർ ഉപയോഗിച്ച് ഒരേ സമയം പമ്പിംഗ് നടത്താൻ സാധിക്കുന്നില്ല. ഇതുമൂലം ഉയർന്ന പ്രദേശങ്ങളിൽ വെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്.ജലവിഭവ വകുപ്പ് മണൽചാക്കുകൾ അടുക്കി താത്കാലിക തടയണ നിർമിച്ചിടത്ത് ശേഖരിക്കുന്ന വെള്ളമാണ് ഇപ്പോൾ പമ്പ് ചെയ്യുന്നത്. വരൾച്ച രൂക്ഷമായി തുടരുകയും ജലവിതാനം താഴുകയും ചെയ്യുന്ന സാഹചര്യത്തിൽ പമ്പിംഗ് നിറുത്തിവയ്ക്കേണ്ടി വരുമെന്ന് അധികൃതർ പറഞ്ഞു.
ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വെള്ളം എത്തിക്കാൻ പഞ്ചായത്തിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ടെങ്കിലും കരാർ ഏറ്റെടുക്കാൻ ആരുമെത്തിയിട്ടില്ലെന്ന് മല്ലപ്പള്ളി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. ജലവിതരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ശക്തമാക്കിയതാണ് കാരണം. ലൈസൻസ് ലഭിക്കാൻ ബുദ്ധിമുട്ടുണ്ട്. വാഹനങ്ങൾക്കു ജിപിഎസ് നിർബന്ധമാക്കിയിട്ടുമുണ്ട്.
കോട്ടാങ്ങൽ പഞ്ചായത്ത് പ്രദേശത്തും കുടിവെള്ള വിതരണത്തിൽ സമാനമായ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.കോട്ടാങ്ങൽ പഞ്ചായത്തിലും മണിമലയാറിന്റെ തീരങ്ങൾ വരൾച്ചയുടെ പിടിയിലാണ്. നദിയിൽ ജലനിരപ്പ് കുറഞ്ഞതോടെ തീരങ്ങളിലെ കിണറുകൾ വറ്റിവരണ്ടു. കുടിവെള്ള പദ്ധതികളിൽ പന്പിംഗ് മുടങ്ങി.