സിഡ്നി: കടുത്ത വരൾച്ച നേരിടുന്ന തെക്കൻ ഓസ്ട്രേലിയയിൽ അഞ്ച് ദിവസത്തിനിടെ കൊന്നൊടുക്കിയത് അയ്യായിരത്തിലേറെ ഒട്ടകങ്ങളെ. അമിതമായി വെള്ളം കുടിക്കുന്നതിനാലാണ് ഒട്ടകങ്ങളെ കൂട്ടത്തോടെ കൊന്നത്. ഹെലികോപ്റ്ററിൽ നിന്ന് പ്രൊഫഷണല്‍ ഷൂട്ടര്‍മാരാണ് ഒട്ടകങ്ങളെ കൂട്ടത്തോടെ വെടിവെച്ചു കൊന്നത്.
കാട്ടുതീയിൽ ഓസ്ട്രേലിയയിൽ 50 കോടിയിലേറെ മൃഗങ്ങൾ ചത്തൊടുങ്ങിയെന്നാണ് കണക്കുകൾ. കാട്ടുതീയുടെ പിന്നാലെ ഓസ്ട്രേലിയയുടെ പലഭാഗങ്ങളും കടുത്ത വരൾച്ചയിലായി. വരള്‍ച്ച നേരിടുന്ന മേഖലകളിലുള്ള വീടുകളിലേക്ക് വനപ്രദേശങ്ങളില്‍ നിന്ന് ഒട്ടകങ്ങള്‍ വന്‍തോതില്‍ എത്താന്‍ തുടങ്ങിയതോടെയാണ് ഒട്ടകങ്ങളെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനത്തിൽ എത്തിയത്.
തെക്കൻ ഓസ്ട്രേലിയൻ സംസ്ഥാനങ്ങളെയാണ് വരൾച്ച രൂക്ഷമായി ബാധിച്ചത്. 23000ത്തോളം പേർ താമസിക്കുന്ന ഓസ്ട്രേലിയയിലെ എപിവൈ പ്രദേശത്ത് ഇപ്പോൾ വരള്‍ച്ച രൂക്ഷമാണ്. മനുഷ്യവാസ സ്ഥലത്തേക്ക് ഒട്ടകങ്ങൾ കയറി അമിതമായി വെള്ളം ഉപയോഗിക്കുന്നുവെന്ന് പരാതികൾ വ്യാപകമാണ്. ഒട്ടകങ്ങളുടെ എണ്ണത്തിലുള്ള വര്‍ധവാണ് പ്രദേശത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് അധികൃതർ വ്യക്തമാക്കുന്നത്.
പതിനായിരത്തോളം ഒട്ടകങ്ങളെ കൊന്നൊടുക്കാനാണ് അധികൃതരുടെ തീരുമാനം എന്നാണ് റിപ്പോർട്ട്. അതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ ഒട്ടകങ്ങളെ കൊന്നേക്കും.