ഷൊർണൂർ: ജില്ലയിലെ പ്രധാനപ്പെട്ട അഞ്ച് നഗരസഭകളിലും കടുത്ത വരൾച്ചയുണ്ടാകുമെന്ന് റവന്യൂ വകുപ്പിന്റെ മുന്നറിയിപ്പ്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്നവയാണ് ഇവയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഷൊർണൂർ, പട്ടാന്പി, ഒറ്റപ്പാലം, ചെർപ്പുളശേരി, മണ്ണാർക്കാട് നഗരസഭകളാണ് കടുത്ത വരൾച്ച നേരിടുന്നതെന്നും ഇനി നേരിടാൻ പോകുന്നതെന്നുമാണ് റവന്യൂ വകുപ്പിന്റെ വിലയിരുത്തൽ.
അതേസമയം വേനലിന്റെ കാഠിന്യം കൂടുന്നതിനു മുന്പുതന്നെ ഈ നഗരസഭകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഇവിടങ്ങളിൽ കുടിവെള്ളവിതരണത്തിന് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. റവന്യൂവകുപ്പിന്റെ വിലയിരുത്തലിനെ ശരിവയ്ക്കുന്നതാണ് വാട്ടർ അഥോറിറ്റിയുടെ നടപടി. ഒറ്റപ്പാലം, ഷൊർണൂർ, പട്ടാന്പി നഗരസഭകൾക്ക് സമീപത്തുകൂടിയാണ് ഭാരതപ്പുഴ ഒഴുകുന്നത്.
കുടിവെള്ളക്ഷാമ പരിഹാരത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ ഇവർ കാണിക്കുന്ന അലംഭാവമാണ് എല്ലാ വർഷവും രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ഈ നഗരസഭകൾ ഇരകളാകാൻ കാരണം. കർഷകാലത്ത് സമൃദ്ധമായി ലഭിക്കുന്ന മഴവെള്ളം പുഴയിലൂടെ ഒഴുകി ക്ഷണനേരം കൊണ്ടാണ് അറബിക്കടലിൽ എത്തുന്നത്. ഇത് തടഞ്ഞുനിർത്തി കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയുന്നില്ല.
ചെർപ്പുളശേരി നഗരസഭയിൽ തൂതപ്പുഴ സമൃദ്ധമായി ഒഴുകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കുടിവെള്ളപദ്ധതികൾ ആസൂത്രണം ചെയ്യുന്ന പക്ഷം ഇവിടുത്തെ ജലക്ഷാമത്തിനും പരിഹാരം കാണാനാകും. മണ്ണാർക്കാടിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും തദ്ദേശസ്ഥാപനങ്ങൾ തികഞ്ഞ അലംഭാവമാണ് കാലങ്ങളായി കാണിക്കുന്നത്.
വരുംനാളുകളിൽ ഇതിന്റെ തോത് വർധിക്കുമെന്ന കാര്യം ഉറപ്പാണ്. റവന്യൂ വകുപ്പിന്റെ ഭാഗത്തുനിന്നും രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേയ്ക്ക് ടാങ്കർ ലോറികൾ വഴി കുടിവെള്ളം എത്തിക്കേണ്ട അവസ്ഥ ഇത്തവണ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.