കൊഴിഞ്ഞാന്പാറ: സംസ്ഥാനത്ത് മുൻ വർഷങ്ങളേക്കാൾ താപനില ഉയർന്നുവരുന്ന സാഹചര്യത്തിൽ ജില്ലയിലെ അതിർത്തി ഗ്രാമങ്ങൾ മഴയുടെ ദൗർലഭ്യം മൂലം വരൾച്ചയുടെ നടുക്കണ്ടത്തിലേക്ക്.
വരൾച്ച രൂക്ഷമായതോടെ കുടിവെള്ളം പോലും കാശുകൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് അതിർത്തി ഗ്രാമങ്ങൾ. കൊഴിഞ്ഞാന്പാറ, വടകരപ്പതി, എരുത്തേന്പതി, പെരുമാട്ടി, പട്ടഞ്ചേരി, നല്ലേപ്പുള്ളി എന്നീ കിഴക്കൻ മേഖലകളിൽ വേനൽ കടുത്തതോടെ ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്.
കൊഴിഞ്ഞാന്പാറ ഫർക്ക എന്നറിയപ്പെടുന്ന ഇവിടങ്ങളിലെല്ലാം കുടിവെള്ളത്തിനിപ്പോൾ ടാങ്കർ ലോറിസംവിധാനമാണ് ആശ്രയം. തെക്കു പടിഞ്ഞാറൻ മണ്സൂണിൽ കേരളത്തിൽ ശരാശരി മഴ ലഭിച്ചിട്ടും അതിർത്തി ഗ്രാമങ്ങൾ വരണ്ടുണങ്ങിയിരിക്കുകയാണ്.
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കൊഴുകുന്ന രണ്ടു പുഴകളായ വരട്ടയാറും കോരയാറും വരണ്ടുണങ്ങിയിട്ട് കാലങ്ങളായി. കിഴക്കനതിർത്തി മേഖലകളിൽ നൂറുക്കണക്കിനു കുഴൽക്കിണറുകളുണ്ടെങ്കിലും തൊണ്ട നനക്കാനുള്ള വെള്ളം പോലും ഇവയിൽ നിന്നും ലഭിക്കാത്ത സ്ഥിതിയാണ്. മാത്രമല്ല ലക്ഷങ്ങൾ ചെലവഴിച്ച കുഴൽക്കിണറുകൾ മിക്കതും ഉപയോഗശൂന്യമായിരിക്കുകയാണ്.
കൊഴിഞ്ഞാന്പാറ ഫർക്കയിലെ പഞ്ചായത്തുകളിലെ 30000 ഹെക്ടർ ഭൂമിക്ക് ജലസേചനം നടത്താനായി മൂലത്തറ വലതുകനാലിലൂടെ വെള്ളം തിരിച്ചുവിട്ട് 15.957 കിലോമീറ്റർ ദുരമുള്ള കനാലിലൂടെ തടയണകൾ നിറക്കാൻ കഴിയുമെന്നിരിക്കെ കനാലിന്റെ നിർമ്മാണം കഴിഞ്ഞ സർക്കാരിന്റെ ഭരണകാലത്ത് മുടങ്ങിയിരുന്നു.
പറന്പിക്കുളം ആളിയാർ അന്തർസംസ്ഥാന നദീജലക്കരാറനുസരിച്ച് കേരളത്തിന് ലഭിക്കേണ്ട 7.25 ടി.എം.സി വെള്ളത്തിൽ നിന്നുള്ള ഒരു വിഹിതവും മഴക്കാലത്തുപോലും ചിറ്റൂർപ്പുഴയുടെ ഒഴുകിവരുന്ന വെള്ളവും വേലന്താവളംവരെയെത്തിക്കാൻ കഴിയാത്തതാണ് കിഴക്കൻ മേഖലയെ പ്രതിവർഷം വരൾച്ചയിലേക്ക് തള്ളിവിടുന്നത്. വരട്ടയാറിലും കോരയാറിലുമായി നുറോളം തടയണകളുണ്ടെങ്കിലും ഇവയെല്ലാം നാമാവശേഷമായ നിലയിലാണ്.
വരൾച്ച രൂക്ഷമായതും ജലദൗർലഭ്യവും മൂലം അതിർത്തി ഗ്രാമങ്ങളിൽ വിളഞ്ഞിരുന്ന നെല്ല്, പരുത്തി, കരിന്പ്, പച്ചക്കറി, എന്നിവയെല്ലാം ഇല്ലാതായിരിക്കുകയാണ്. അനുദിനം കുഴൽക്കിണർ കുഴിക്കുന്നതുമൂലം ഭൂഗർഭജല ചൂഷണം മൂലം പ്രദേശങ്ങൾ ഭൂഗർഭ ജലത്തിന്റെ അളവും ഗുണവും ഗുരുതരാവസ്ഥയിലാണെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ചിറ്റൂർ താലുക്കാകട്ടെ വരൾച്ചമൂലം മഴനിഴൽ പ്രദേശമായിരിക്കുകയാണിപ്പോൾ കിഴക്കൻ മേഖലയുടെ ആരംഭത്തിൽ തന്നെ ആനമലയിൽ നിന്നുമാരംഭിച്ച് പൊള്ളാച്ചിയിലൂടെ ഒഴുകിവരുന്ന ചിറ്റൂർപ്പുഴ കരകവിഞ്ഞൊഴുകുന്നതും പതിവാണെന്നിരിക്കെ കഴിഞ്ഞ രണ്ടുവർഷമായി ഈ പുഴയും ഒഴുക്ക് നിലച്ച മട്ടാണ്.
ഇതോടെ കാർഷിക മേഖലയും തകർന്നതിനാൽ കർഷകരും ആത്മഹത്യയുടെ വക്കിലാണ്.
ഒരു ടാങ്കർ ലോറി വെള്ളത്തിന് 1500 രൂപ കൊടുത്ത് വാങ്ങി ദൈനം ദിനം കാര്യങ്ങൾ തള്ളിനീക്കണമെന്നിരിക്കെ ഇനിയുള്ള കാലമെങ്ങിനെ ജീവിക്കുമെന്ന ആശങ്കയിലാണ് കിഴക്കൻ മേഖലയിലെ ജനങ്ങൾ .