പത്തനംതിട്ട: സംസ്ഥാനത്തു വരൾച്ച ബാധിതമായി പ്രഖ്യാപിക്കപ്പെട്ട ജില്ലകളുടെ പട്ടികയിൽ നിന്നു പത്തനംതിട്ട ഒഴിവാക്കപ്പെട്ടു. തെക്കൻ ജില്ലകളിൽ വരൾച്ചയുടെ രൂക്ഷത ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന മലയോരപ്രദേശത്തു കഴിഞ്ഞ സീസണിൽ വടക്കു കിഴക്കൻ കാലവർഷം അധികമായി ലഭിച്ചുവെന്ന കണ്ടെത്തലിലാണ് ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ കാർഷിക മേഖലയിലടക്കം വരൾച്ച രൂക്ഷമായി ബാധിച്ചതായും കുടിവെള്ളക്ഷാമം രൂക്ഷമാണെന്നുമുള്ള റിപ്പോർട്ടുകൾ അവഗണിക്കപ്പെട്ടതായും ആക്ഷേപം.
ആലപ്പുഴ, ഇടുക്കി, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളെയാണ് വരൾച്ച ബാധിതമായി പ്രഖ്യാപിക്കാൻ ദുരന്തനിവാരണ അഥോറിറ്റി തീരുമാനിച്ചത്. മഴയുടെ കുറവ്, ഉപരിതല ജലത്തിന്റെയും ഭൂജലത്തിന്റെയും ലഭ്യതക്കുറവ്, ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം തുടങ്ങിയവ കണക്കിലെടുത്താണ് പ്രഖ്യാപനം.
ഇടുക്കി ജില്ലയ്ക്കു മലയോരമേഖലയെന്ന പ്രത്യേക പരിഗണനയും നൽകി. എന്നാൽ പത്തനംതിട്ടയിൽ വരൾച്ചയുടെ രൂക്ഷത കൂടുതലാണെന്നു റിപ്പോർട്ടുകളുണ്ടായിട്ടും പത്തനംതിട്ടയിലെ മഴയുടെ കണക്കിലാണ് പിന്തള്ളപ്പെട്ടതെന്നും പറയുന്നു. കഴിഞ്ഞ സീസണിൽ വടക്കു പടിഞ്ഞാറൻ കാലവർഷവും വടക്കു കിഴക്കൻ കാലവർഷവും അധികത്തിൽ ലഭിച്ച ജില്ലയാണ് പത്തനംതിട്ട. എന്നിരുന്നാലും പത്തനംതിട്ടയിൽ വരൾച്ചയുടെ രൂക്ഷത കഴിഞ്ഞ ജനുവരി മുതൽ അനുഭവപ്പെട്ടു തുടങ്ങി.
ഭൂഗർഭജലത്തിന്റെ തോത് കുറഞ്ഞതും ജലസ്രോതസുകൾ വരണ്ടതും വരൾച്ച രൂക്ഷമാക്കി. ജില്ലയുടെ പല ഭാഗങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കിണറുകളും ജലാശയങ്ങളും വറ്റിവരണ്ടു. പ്രധാന നദികൾ പോലും നീർച്ചാലുകൾ മാത്രമാണ്. നദികളോടു ചേർന്ന പന്പ് ഹൗസുകളിൽ വെള്ളം പന്പു ചെയ്യുന്നതിനു സ്രോതസുകളായ കിണറുകൾക്കു സമീപം താത്കാലിക തടയണ നിർമിച്ചിരിക്കുകയാണ്.
കാർഷികമേഖലയിൽ വരൾച്ചയുടെ കെടുതികൾ അനുഭവപ്പെട്ടു തുടങ്ങി. വാഴ, പച്ചക്കറി തുടങ്ങിയവയെയും വരൾച്ച രൂക്ഷമായി ബാധിച്ചു. ജലസേചന സൗകര്യങ്ങളില്ലാതായതോടെ പച്ചക്കറി കൃഷി വ്യാപകമായി കരിഞ്ഞുണങ്ങി. പാടശേഖരങ്ങൾ വരണ്ടുണങ്ങിയിരിക്കുകയാണ്. അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നു. പകൽ താപനില 38 ഡിഗ്രിയാണ്. സൂര്യതപം ഏറ്റ സംഭവങ്ങൾ പലയിടത്തുമുണ്ടായി.