കോട്ടയം: വരള്‍ച്ചയുടെ കാഠിന്യമേറി. ഒപ്പം ജില്ലയില്‍ ജലക്ഷാമവും രൂക്ഷമാകുന്നു. പലയിടങ്ങളിലും ഇപ്പോള്‍ തന്നെ പണംകൊടുത്തു കുടിവെള്ളം വാങ്ങുന്ന സ്ഥിതിയിലാണ്. ഇതിനെ തുടര്‍ന്നു ഗാര്‍ഹികാവശ്യത്തിനുള്ള വെള്ളം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെതിരേ കര്‍ശന നടപടിയെടുക്കാനൊരുങ്ങുകയാണ് വാട്ടര്‍ അഥോറിറ്റി.
കോട്ടയത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഗാര്‍ഹിക കണക്ഷനില്‍ നിന്നും മറ്റാവശ്യങ്ങള്‍ക്കായി വെള്ളം ഉപയോഗിക്കുന്നത് പതിവായി മാറിയിരിക്കുന്നു.
നിര്‍മാണ മേഖല, കിണറുകളില്‍ വെള്ളം ശേഖരിക്കുക, കന്നുകാലികളെ കുളിപ്പിക്കുക, പൂന്തോട്ടം നനയ്ക്കുക, കൃഷിക്ക് ഉപയോഗിക്കുക എന്നതിനു ഗാര്‍ഹിക കണക്ഷന് ഉപയോഗിക്കുന്നത് പതിവു കാഴ്ചകളാണ്.
ഇത്തരം പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ കണക്ഷന് വിച്ഛേദിച്ചു കര്‍ശന നിയമാനുസൃത നടപടിയെടുക്കാനാണ് വാട്ടര്‍ അഥോറിറ്റിയുടെ തീരുമാനം.