ചില ചോദ്യങ്ങൾ താരങ്ങളെ ചൊടിപ്പിച്ചെന്നിരിക്കും. നടി വരലക്ഷ്മിയോട് ചോദ്യം ചോദിക്കാൻ ചെന്ന മാധ്യമപ്രവർത്തകനോട് താരം തിരിച്ച് ചോദ്യങ്ങൾ ചോദിച്ച് വായടപ്പിച്ച വാർത്തയാണ് ഇപ്പോൾ തമിഴകത്തെങ്ങും സംസാര വിഷയം. അടുത്തിടെ അബുദാബിയില്‍ നടന്ന ഒരു പരിപാടിയില്‍ മുഖ്യാതിഥിയായി വരലക്ഷ്മിയെത്തിയപ്പോളാണ് ചോദ്യങ്ങളുടെ നീണ്ടനിര താരത്തിന് അരികിലേക്ക് എത്തിയത്.
ഏഷ്യന്‍ അത്ലറ്റിക്സില് ഗോള്‍ഡ് മെഡല്‍ നേടിയ ഗോമതി മാരിമുത്തുവിന് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ ചെയ്തിരുന്നോയെന്ന ചോദ്യവും താരത്തോട് ചോദിച്ചിരുന്നു. ജി.വി. പ്രകാശ് സഹായമെത്തിച്ചിരുന്നുവെന്നായിരുന്നു താരം നല്കിയ മറുപടി. എന്നാല്‍ ഈ മറുപടിയില്‍ തൃപ്തനാവാതെ ഒരാള്‍ വീണ്ടും ഇതേ ചോദ്യം ആവര്‍ത്തിക്കുകയായിരുന്നു.
നിങ്ങള്‍ എന്താണ് നല്‍കിയതെന്നായിരുന്നു വരലക്ഷ്മിയുടെ ചോദ്യം. ഒന്നും നല്‍കിയില്ലെന്ന് പറഞ്ഞപ്പോള്‍ ആദ്യം എന്തെങ്കിലും നല്‍കൂയെന്നും എന്നിട്ട് സെലിബ്രിറ്റികളെ ചോദ്യം ചെയ്യൂവെന്നുമായിരുന്നു താരത്തിന്റെ മറുപടി.