തെന്നിന്ത്യൻ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ വരലക്ഷ്മി ശരത്കുമാർ വീണ്ടും നെഗറ്റീവ് വേഷത്തിലെത്തുന്നു. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകൾ കൃത്യമായി വ്യക്തമാക്കിയാണ് ഈ നായിക മുന്നേറുന്നത്.
പതിവിൽ നിന്നു വ്യത്യസ്തമായി അധികമാരും ഏറ്റെടുക്കാൻ തയാറാവാത്ത തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരപുത്രി തയാറായിരുന്നു. നായികാവേഷം മാത്രമല്ല വില്ലത്തിയായും തിളങ്ങിയിട്ടുണ്ട് വരുവെന്ന വരലക്ഷ്മി. ചെയ്യുന്ന സിനിമകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം എന്ന കാര്യത്തിൽ പ്രത്യേക നിർബന്ധമുണ്ട് ഈ താരത്തിന്.
വിജയ് ചിത്രമായ സർക്കാരിലൂടെയായിരുന്നു വരലക്ഷ്മി തന്റെ കരിയർ തന്നെ മാറ്റിമറിച്ചത്. പോസിറ്റീവായാലും നെഗറ്റീവായാലും കഥാപാത്രം തന്നിൽ ഭദ്രമായിരിക്കുമെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. എ.ആർ. മുരുഗദോസ് ചിത്രമായ സർക്കാരിലെ അഭിനയത്തിന് നിറഞ്ഞ കൈയടിയാണു ലഭിച്ചത്.
മികച്ച വില്ലത്തിക്കുള്ള പുരസ്കാരവും താരത്തെ തേടിയെത്തിയിരുന്നു. ഈ സിനിമയ്ക്ക് ശേഷം വീണ്ടും വില്ലത്തിയാവാനുള്ള തയാറെടുപ്പിലാണ് താരമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നത്. ഇത്തവണ തമിഴിലല്ല തെലുങ്കിലാണ് വരലക്ഷ്മി വില്ലത്തിയാകുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. തെലുങ്കിന്റെ സ്വന്തം താരമായ നന്ദമുരി ബാലകൃഷ്ണയാണ് ചിത്രത്തിലെ നായകൻ. കെ.എസ്. രവികുമാറാണ് ചിത്രമൊരുക്കുന്നത്.
വരലക്ഷ്മിയുടെ പിതാവായ ശരത്കുമാറിന് കരിയർ ബ്രേക്ക് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ കൂടിയാണ് അദ്ദേഹം. അച്ഛന് പിന്നാലെ മകളെയും അണിനിരത്തി സിനിമയൊരുക്കുന്പോൾ അതും ചരിത്രമാവുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. വെൽവെറ്റ് നഗരം, നീയാ 2, രാജ പാർവൈ, കന്നിരാശി, കാറ്റേറി തുടങ്ങി നിരവധി സിനിമകളാണ് താരപുത്രിയുടേതായി ഒരുങ്ങുന്നത്.