റാഫേൽ വറാൻ. ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ ഫ്രഞ്ച് ടീമിന്റെ പ്രതിരോധത്തിലെ വൻമതിൽ. സൗമ്യനെങ്കിലും കളത്തിലെ കാരിരുന്പ്. നിശബ്ദനും വിനാശകാരിയും… വിശേഷണങ്ങൾ പലതുണ്ട് ഈ താരത്തെ ഉപമിക്കാൻ.
2018 ഫിഫ ലോകഫുട്ബോളർ പദവിക്കായുള്ള അവസാന പത്ത് പേരുടെ പട്ടികയിൽ ഇടംപിടിച്ച ഏക പ്രതിരോധനിരക്കാരനാണ് വറാൻ. ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, കൈലിയൻ എംബാപ്പെ, മുഹമ്മദ് സല, ഏഡൻ അസാർ, കെവിൻ ഡിബ്രൂയിൻ, ഹാരി കെയ്ൻ, ലൂക്ക മോഡ്രിച്ച്, ആൻത്വാൻ ഗ്രീസ്മാൻ തുടങ്ങിയവർക്കൊപ്പമാണ് വറാൻ പട്ടികയിലുള്ളത്.
റഷ്യൻ ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരത്തിന്റെ 50-ാം മിനിറ്റിൽ ഒരു ലോംഗ് ബോള്‍ ക്രൊയേഷ്യൻ താരം ഇവാന് പെരിസിച്ചിലേക്ക്. രണ്ടാം പകുതിയില്‍ ക്രൊയേഷ്യ ശക്തമായ ആക്രമണത്തിനൊരുങ്ങുമ്പോഴായിരുന്നു അത്. ഫ്രഞ്ച് പ്രതിരോധനിരക്കാർ അപ്പോൾ പൂർണ സജ്ജരായിരുന്നില്ല. പെരിസിച്ചിന് പന്ത് വശത്താക്കാന്‍ കഴിയുംമുമ്പേ റാഫേല്‍ വറാന് നിര്‍ണായകമായ ഒരു ഇടപെടല്‍ നടത്തി.
കാലുയര്‍ത്തി പന്ത് തടഞ്ഞു. അല്ലെങ്കില്‍ ഇത് ഒരുപക്ഷേ ഗോളാകുമായിരുന്നു. കളിയുടെ ഫലം തന്നെ മാറിയേനെ. അത്രവേഗത്തിലും കൃത്യമായിട്ടുമായിരുന്ന വറാന്റെ പ്രതിരോധം. വറാന്റെ കഴിവ് വ്യക്തമാക്കിയ ലോകകപ്പായിരുന്നു റഷ്യയിൽകണ്ടത്.
ക്ലബ് തലത്തില്‍ റയല്‍ മാഡ്രിഡിന്റെ പ്രതിരോധനിരയിലായിരുന്ന വറാന്റെ പേര് എപ്പോഴും കേള്‍ക്കാനില്ലായിരുന്നു. എന്നാല്‍, ലോകകപ്പിലെ പ്രകടനത്തോടെ ഏവരും ശ്രദ്ധിക്കുന്ന പ്രതിരോധകളിക്കാനായി മാറിക്കഴിഞ്ഞു. ഇപ്പോള്‍ ലോകത്തെ മികച്ച പ്രതിരോധക്കാരില്‍ ഒരാളാണ് വറാന്.
2011ല്‍ പതിനേഴ് വയസുള്ളപ്പോഴാണ് വറാന് സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിലെത്തുന്നത്. ഒരു യുവതാരം കടുത്ത സമ്മര്‍ദംകൊണ്ട് തളര്‍ന്നു വീഴാവുന്ന പ്രായമായിരുന്നു അത്. എന്നാല്‍, റയല്‍ പോലൊരു ക്ലബ്ബില്‍ എല്ലാ സമ്മര്‍ദവും ഉൾക്കൊണ്ട് വറാന് നിശബ്ദനായി കളിച്ചു. 25 വയസിനിടെ റയലിനും ഫ്രാന്‍സിനുമായി 200ലേറെ മത്സരങ്ങള്‍ കളിച്ചു.
ചാമ്പ്യന്‍സ് ലീഗ്, ആഭ്യന്തര ലീഗ്, പിന്നെ ലോകകപ്പും ഈ യുവതാരം ഇതിനോടകം നേടി. പലര്‍ക്കും കരിയര്‍ മുഴുവന്‍ ശ്രമിച്ചാല്‍ നേടുന്ന കാര്യമാണ് ഈ താരം 25 വയസിനുള്ളില്‍ നേടിയത്. വറാൻ കരിയറില്‍ 10 ഫൈനല്‍ കളിച്ചു. പത്തിലും കിരീടം നേടി.
വറാന്റെ പ്രകടനം കണ്ട് വലിയ ക്ലബ്ബുകളെല്ലാം ഈ താരത്തിന് പിന്നാലെയാണ്. ക്ലബ്ബിലാണെങ്കിലും രാജ്യത്തിനായായാലും ഒരു നിന്ജയെപ്പോലെയാണ് വറാന് കളിക്കുന്നത്.