കണ്ണൂർ: കോവിഡ് പ്രതിരോധ നിയമം ലംഘിച്ച് വിവാഹ സത്ക്കാരം നടത്തുകയും ഇതേ ത്തുടർന്ന് സത്ക്കാരത്തിൽ പങ്കെടുത്ത മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത സംഭവത്തിൽ നവ വരനെതിരേ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു.
മരക്കാർക്കണ്ടി സ്വദേശിയായ യുവാവിനെതിരേയാണ് കേസെടുത്തത്. ജൂലൈ ഒമ്പതിനാണ് മഞ്ചേശ്വരം സ്വദേശിനിയെ യുവാവ് വിവാഹം കഴിക്കുന്നത്. ഇതേത്തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളുമായവർക്കായി ഈ മാസം 11 ന് മരക്കാർക്കണ്ടിയിലെ വീട്ടിൽ സത്ക്കാരവും നടത്തി.
ചടങ്ങിൽ മഞ്ചേശ്വരത്തു നിന്നുള്ള പത്തു പേർ, കോഴിക്കോട് നിന്നുള്ള മൂന്നു പേരുമടക്കം അമ്പതിലേറെ പേർ പങ്കെടുത്തിരുന്നു. ഇതിൽ കോഴിക്കോട് നിന്നു പങ്കെടുത്തവരിൽ ഒരാൾക്ക് ആദ്യം കോവിഡ് സ്ഥിരീകരിച്ചു.
ഇതിനു പിന്നാലെ വരന്റെ ബന്ധുവിനും വ്യാഴാഴ്ച സത്കാരത്തിൽ പങ്കെടുത്ത പുഴാതി സ്വദേശിക്കും കോവിഡ് പോസിറ്റീവ് ആയതിനു പിന്നാലെയാണ് പോലീസ് കേസെടുത്തത്.
ഇതോടെ ഇവരുമായി നേരിട്ടു ബന്ധപ്പെട്ട 55 പേർ ക്വാറന്റൈനിൽ പോയി. സമ്പർക്കത്തിലായ കൂടുതൽ പേരുടെ ലിസ്റ്റ് തയാറാക്കി വരികയാണ്.