തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസിൽ ആലുവ മുൻ റൂറൽ എസ്പി എ.വി. ജോർജിനെ പ്രതിചേർക്കേണ്ടെന്ന തീരുമാനത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ശ്രീജിത്തിന്റെ കൊലപാതകത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടായിട്ടുണ്ടെന്നും ഇത് മറച്ചുവയ്ക്കാനാണു ജോർജിനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.
കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കസ്റ്റഡി മരണക്കേസിൽ കുറ്റക്കാരനാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയ എ.വി. ജോർജിനെ കേസിൽ പ്രതിയാക്കാനാവില്ലെന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ(ഡിജിപി) നിയമോപദേശം നൽകിയിരുന്നു.
എ.വി.ജോർജിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള തെളിവുകൾ അന്വേഷണ സംഘത്തിന്റെ കൈവശമില്ലാത്തതിനാൽ, ജോർജിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് നിയമപരമാകില്ലെന്നാണു ലഭിച്ചിരിക്കുന്ന നിയമോപദേശം. ക്രമവിരുദ്ധമായി റൂറൽ ടൈഗർ ഫോഴ്സ് രൂപീകരിച്ചു എന്നല്ലാതെ ക്രിമിനൽ കുറ്റത്തിൽ പങ്കുള്ളതിനു തെളിവില്ലെന്നും ഡിജിപി ചൂണ്ടിക്കാട്ടി.
എ.വി. ജോർജിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന റൂറൽ ടൈഗർ ഫോഴ്സ് (ആർടിഎഫ്) അംഗങ്ങളാണു വരാപ്പുഴ ദേവസ്വംപാടത്തെ വീട്ടിൽനിന്നു രാത്രി ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. ഇവർ ക്രൂരമായി മർദിച്ച ശേഷമാണു വീട്ടിൽനിന്നു ശ്രീജിത്തിനെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്. റൂറൽ എസ്പിയുടെ നിർദേശപ്രകാരമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാൻ ദേവസ്വംപാടത്ത് എത്തിയതെന്ന് ആർടിഎഫ് ഉദ്യോഗസ്ഥർ മൊഴി നൽകിയിരുന്നു.
കേസിൽ ഒന്പതു പോലീസുകാരാണു പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ആർടിഎഫ് അംഗങ്ങൾക്കെതിരേയും വരാപ്പുഴ എസ്ഐ ജി.എസ്. ദീപക്കിനെതിരേയും കൊലക്കുറ്റമാണു ചുമത്തിയിട്ടുള്ളത്. പറവൂർ സിഐ ക്രിസ്പിൻ സാമിനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. ഇയാൾക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടില്ല. എ.വി. ജോർജിൽനിന്നു കേസിൽ രണ്ടിലേറെ തവണ മൊഴിയെടുത്തിരുന്നു.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് വരാപ്പുഴ പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐ ജയാനന്ദൻ, സിപിഒമാരായ സന്തോഷ് ബേബി, സുനിൽകുമാർ, ശ്രീരാജ് എന്നിവർ കേസിൽ പ്രതികളാണ്. അന്യായമായി തടങ്കലിൽ വച്ചതിനാണു നാലുപേർക്കുമെതിരേ കേസെടുത്തത്.