പറവൂർ/കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത് കൊല്ലപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന നാലു പോലീസ് ഉദ്യോഗസ്ഥർ കോടതിയിൽ കീഴടങ്ങി. ഗ്രേഡ് എസ്ഐ ജയാനന്ദൻ, സിപിഒമാരായ സന്തോഷ് ബേബി, ശ്രീരാജ്, സുനിൽകുമാർ എന്നിവരാണ് ഇന്നലെ ഉച്ചയോടെ പറവൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്പാകെ കീഴടങ്ങിയത്.
ഒരു ലക്ഷം രൂപയുടെ ആൾജാമ്യം എന്ന വ്യവസ്ഥയിൽ നാലു പേർക്കും കോടതി പിന്നീട് ജാമ്യം അനുവദിച്ചു. അന്യായമായി തടഞ്ഞുവയ്ക്കൽ എന്ന കുറ്റം മാത്രമേ ഇവരിലുള്ളൂ എന്നതിനാലാണു ജാമ്യം അനുവദിച്ചത്.
കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്പോൾ ഹാജരാകണമെന്നും വേണമെങ്കിൽ ഇവരെ അറസ്റ്റ് ചെയ്യാമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. വരാപ്പുഴയിൽ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവരെ കേസിൽ പ്രതിചേർത്തത്.
ദേവസ്വംപാടത്തെ അക്രമവുമായി ബന്ധപ്പെട്ട് ഏപ്രിൽ ആറിന് രാത്രി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് വരാപ്പുഴ പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണിവർ. വരാപ്പുഴ എസ്ഐ ജി.എസ്. ദീപക് അവധിയായിരുന്നതിനാൽ ജയാനന്ദനായിരുന്നു വരാപ്പുഴ സ്റ്റേഷന്റെ ചുമതല.
ശ്രീജിത്തിനെ അന്യായമായി തടങ്കലിൽ വയ്ക്കാൻ കൂട്ടുനിന്നു എന്നതാണ് ഇവർക്കെതിരേ ചുമത്തപ്പെട്ട കുറ്റം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വ്യാഴാഴ്ച പറവൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കസ്റ്റഡി മരണത്തിൽ വരാപ്പുഴ എസ്ഐ ജി.എസ്. ദീപക്കിനെതിരേ ആരോപണമുയർന്ന ഘട്ടത്തിൽത്തന്നെ ഇവർക്കെതിരേയും ആക്ഷേപം ശക്തമായിരുന്നു.
ശ്രീജിത്തിന്റെ മരണത്തിൽ ഇവർക്കും പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇവരെ കേസിൽ പ്രതിചേർക്കപ്പെട്ട ശേഷമാണ് എറണാകുളം റൂറൽ എസ്പിയായിരുന്ന എ.വി. ജോർജിനെ സസ്പെൻഡ് ചെയ്തത്.
അതേസമയം, കേസിൽ ഇതുവരെയും പ്രതിചേർക്കാത്ത എ.വി. ജോർജിനെ വീണ്ടും ചോദ്യംചെയ്യാനായി വിളിച്ചുവരുത്തുമെന്നും വരുംദിവസങ്ങളിൽ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്.