പറവൂർ: വരാപ്പുഴ പോലീസ് കസ്റ്റഡിയിൽ ദേവസ്വംപാടം സ്വദേശി ശ്രീജിത്ത് മർദനമേറ്റു മരിച്ച കേസിന്റെ കുറ്റപത്രം പറവൂർ ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ചു. പോലീസുകാരായ ഒന്‍പതു പ്രതികളിൽ മുൻ എസ്ഐ ഉൾപ്പെടെ നാലുപേർക്കെതിരേ കൊലക്കുറ്റം ചുമത്തി.
ഒന്നു മുതൽ മൂന്നു വരെ പ്രതികളായ റൂറൽ ടൈഗർ ഫോഴ്സ് (ആർടിഎഫ്) ഉദ്യോഗസ്ഥരായ പി.പി. സന്തോഷ്കുമാർ, ജിതിൻ രാജ്, എം.എസ്. സുമേഷ് എന്നിവരാണ് കൊലക്കുറ്റം ചുമത്തപ്പെട്ട മറ്റു പ്രതികൾ. സിഐ ക്രിസ്പിൻ സാം, എഎസ്ഐമാരായ സി.എൻ. ജയദേവൻ, സന്തോഷ് ബേബി, കോണ്‍സ്റ്റബിൾമാരായ പി.ആർ. ശ്രീരാജ്, ഇ.ബി. സുനിൽകുമാർ എന്നിവരും പ്രതികളാണ്.
അന്യായമായ തടങ്കൽ, കൃത്യനിർവഹണത്തിലുള്ള വീഴ്ച എന്നീ കുറ്റങ്ങൾ ഒന്‍പത് പ്രതികൾക്കെതിരേയും ചുമത്തിയിട്ടുണ്ട്. രേഖകളിൽ കൃത്രിമം നടത്തി കേസിൽനിന്നു രക്ഷപ്പെടാൻ പ്രതികൾക്കു കൂട്ടുനിന്നതിനും കസ്റ്റഡി നടപടികൾ ശരിയായ വിധത്തിൽ പാലിക്കാതിരുന്നതിനുമാണ് സിഐ ക്രിസ്പിൻ സാമിനെ പ്രതിയാക്കിയത്. കേസിൽ ആരോപണവിധേയനായിരുന്ന അന്നത്തെ എറണാകുളം റൂറൽ എസ്പി എ.വി. ജോര്‍ജ് ഉള്‍പ്പെടെ കേസില്‍ ആകെ 175 സാക്ഷികളുണ്ട്.
2018 ഏപ്രിൽ ഒന്‍പതിനാണ് ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ചത്. രാത്രി വീട് കയറി ആക്രമിച്ചതിനെത്തുടര്‍ന്നു ഗൃഹനാഥന് ജീവനൊടുക്കിയ സംഭവത്തിലാണ് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ശ്രീജിത്തിനെ റൂറല്‍ എസ്പിയുടെ പ്രത്യേക സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്. ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നു പിന്നീടുള്ള അന്വേഷണത്തിൽ വ്യക്തമായിരുന്നു.